വനാതിർത്തികളിൽ ഭീതി നിറഞ്ഞ സാഹചര്യം’; വനം മന്ത്രി രാജിവെക്കണമെന്ന് വി ഡി സതീശൻ
വനാതിർത്തികളിൽ ഭീതി നിറഞ്ഞ സാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നാട്ടിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. ഇത് തടയാൻ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. വനം മന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണെന്നും എ കെ ശശീന്ദ്രന്റെ വസതിയിലേക്ക് യുഡിഎഫ് എംഎൽഎമാർ നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഇരകളാകുന്നത് സാധാരണക്കാരാണ്. 9 മാസത്തിനിടെ 85 പേരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇത് തടയാൻ ഒരു പദ്ധതിയും സർക്കാരിൻ്റെ കയ്യിലില്ല. വനം മന്ത്രി പൂർണ്ണമായ നിഷ്ക്രിയത്വം കാണിച്ചു. ബഡ്ജറ്റിൽ ആകെ നീക്കിവെച്ചത് 48 കോടി രൂപ. 7000 പേർ നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്നു. കർഷകർ ആത്മഹത്യ ചെയ്തിട്ടും സർക്കാർ നഷ്ടപരിഹാരം കൊടുക്കുന്നില്ല. വനംമന്ത്രി കാണിച്ച നിസ്സംഗത ദോഷഫലം ഉണ്ടാക്കി എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വയനാട്ടിലെ ആളെക്കൊല്ലി മോഴയാന ബേലൂർ മഖനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ആന മണ്ണുണ്ടി പ്രദേശത്ത് തന്നെ വനമേഖലയിൽ തുടരുന്നതായാണ് വനം വകുപ്പിന് ലഭിച്ച വിവരം. ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം പുലർച്ചെ വനത്തിലേക്ക് തിരിച്ചിട്ടുണ്ട്. റേഡിയോ കോളർ സിഗ്നൽ ലഭിക്കുന്ന മുറക്ക് മയക്കുവെടി വെക്കാനുള്ള RRT – വെറ്റിനറി സംഘാംഗങ്ങൾ കാടുകയറും.
ഇന്നലെ രണ്ടു തവണ ആനയുടെ അടുത്ത് വനം വകുപ്പ് സംഘം എത്തിയിരുന്നു. ഒരുതവണ മയക്കുവെടി വച്ചെങ്കിലും ശ്രമം വിജയിച്ചില്ല. മുള്ള് പടർന്ന അടിക്കാടാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തെ ബാധിക്കുന്നത്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ ഇന്നലെ രാത്രി 65 ഓളം ഉദ്യോഗസ്ഥർ പ്രദേശത്ത് കോമ്പിംഗ് നടത്തിയിരുന്നു.
വന്യമൃഗ ശല്യം തുടർച്ചയായ പശ്ചാത്തലത്തിൽ ഇന്ന് വയനാട്ടിലെ ഏതാനും കർഷക സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഫാർമേഴ്സ് റിലീഫ് ഫോറം ഉൾപ്പെടെയുള്ള സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കർഷക കോൺഗ്രസും പിന്തുണ നൽകിയിട്ടുണ്ട്.