National

ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്; കര്‍ണാടകയില്‍ യുവഡോക്ടറെ പിരിച്ചുവിട്ടു

Spread the love

ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് നടത്തിയ യുവ ഡോക്ടര്‍ക്കെതിരെ നടപടി. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ താത്ക്കാലിക ജോലിയിലുള്ള ഡോക്ടര്‍ അഭിഷേകാണ് പ്രതിശ്രുത വധുവിനൊപ്പം ഫോട്ടോ ഷൂട്ട് നടത്തിയത്. സംഭവം സോഷ്യല്‍ മിഡിയയില്‍ വൈറലായതോടെ സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.

യഥാര്‍ത്ഥ ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ തന്നെയാണ് ഡോക്ടറും പ്രതിശ്രുത വധുവും ഫോട്ടോ ഷൂട്ട് നടത്തിയത്. ഷൂട്ട് ചെയ്യുന്ന ഫോട്ടോഗ്രാഫര്‍മാരുടെ സംഘവും വിഡിയോയിലുണ്ട്. മെഡിക്കല്‍ തീമിനെ അടിസ്ഥാനപ്പെടുത്തിയുള്ള വിഡിയോയുടെ അവസാനം രോഗിയായി അഭിനയിച്ചയാള്‍ എഴുന്നേറ്റ് നിന്ന് ചിരിക്കുന്നതോടെ വിഡിയോ അവസാനിക്കുന്നു.

വിഡിയോ പുറത്തായതോടെ വ്യാപകമായ വിമര്‍ശനത്തെ തുടര്‍ന്ന്, ഡോ.അഭിഷേകിനെ പിരിച്ചുവിടാന്‍ കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ഉത്തരവിടുകയായിരുന്നു. ‘സര്‍ക്കാര്‍ ആശുപത്രികള്‍ പൊതുജനങ്ങളെ സേവിക്കുന്നതിന് വേണ്ടിയുള്ളതാണ്, വ്യക്തിപരമായ ഇടപഴകലുകള്‍ക്കല്ല’ എന്ന് പറഞ്ഞ മന്ത്രി, ഇത്തരം നടപടികള്‍ മേലില്‍ അനുവദിക്കരുതെന്നും വ്യക്തമാക്കി.