Kerala

സംസ്ഥാനത്ത് വിദ്യാഭ്യാസ മാഫിയയ്ക്ക് നിയന്ത്രണം;

Spread the love

സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന വിദ്യാഭ്യാസ മാഫിയയ്ക്ക് നിയന്ത്രണം. വിദ്യാഭ്യാസ ഏജന്റുമാരെ നിയന്ത്രിക്കാനുള്ള നിയമം അടുത്ത സഭാ സമ്മേളനത്തില്‍ കൊണ്ടുവരും. ഏജന്‍സികള്‍ക്ക് ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കും. കരട് ബില്‍ തയാറായെന്നും കുട്ടികളെ തട്ടിപ്പിന് ഇരയാക്കുന്ന വ്യാജ സ്ഥാപനങ്ങള്‍ക്ക് എതിരെയാണ് നിയമമെന്നും മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു

സമാനരീതിയില്‍ വിദേശത്തേക്കും വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്ത് വന്‍തട്ടിപ്പാണ് സംഘങ്ങള്‍ നടത്തുന്നത്. തുടര്‍ന്നാണ് ഏജന്റുമാരെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. ഇതിന്റെ കരടിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നല്‍കി.

ഏജന്‍സികള്‍ക്കും ഏജന്റുമാര്‍ക്കും രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തും. നിരീക്ഷണത്തിന് സംസ്ഥാനതല സമിതി രൂപീകരിക്കും. രജിസ്ട്രേഷനില്ലാതെ പ്രവര്‍ത്തിച്ചാല്‍ തടവും പിഴയും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഏജന്‍സികള്‍ സര്‍ക്കാരിന് നല്‍കണം. കോളജിന്റെ വിവരങ്ങള്‍, ഫീസ്, ഹോസ്റ്റല്‍ സൗകര്യം എന്നിവ വ്യക്തമാക്കണം. വിദ്യാഭ്യാസ വായ്പാ തുക നേരിട്ട് കോളജിന്റെ അക്കൗണ്ടിലേക്ക് നല്‍കണം എന്നീ വ്യവസ്ഥകളും നിയമത്തിലുണ്ട്. കരട് നിയമ വകുപ്പ് പരിശോധിച്ചിട്ടുണ്ടെന്നും കുട്ടികളെ തട്ടിപ്പിന് ഇരയാക്കുന്നവര്‍ക്ക് എതിരെയാണ് നിയമമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലാണ് കരട് ബില്‍ തയാറാക്കിയത്. ഡിജിറ്റല്‍ സര്‍വകലാശാല വി.സി ഡോ.സജി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.