National

കേന്ദ്ര ബജറ്റിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?

Spread the love

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക. കേന്ദ്രസർക്കാർ അഞ്ച് വർഷം പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കർഷകരെയും സ്ത്രീകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കും.

2024-25 ലെ സമ്പൂർണ ബജറ്റ് തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരത്തിലെത്തി മന്ത്രിസഭാരൂപീകരണത്തിന് ശേഷം ജൂലൈയിലാകും അവതരിപ്പിക്കുക. അതുവരെ പ്രതീക്ഷിക്കുന്ന വരവ് ചെലവ് കണക്കുകളാണ് ഇടക്കാല ബജറ്റിലൂടെ അവതരിപ്പിക്കുക.

ആദായ നികുതി ഇളവ്, ക്ഷേമ പദ്ധതി തുടങ്ങിയവയിലും നിർണായക പ്രഖ്യാപനങ്ങൾ ധനമന്ത്രി നടത്തിയേക്കും. വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് നിര്‍മലാ സീതാരാമന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ നാരീശക്തി മുദ്രാവാക്യമുയര്‍ത്തുന്ന സര്‍ക്കാര്‍ വനിതകളെ ലക്ഷ്യമിട്ട് എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കർഷകരുടെ പ്രതിഷേധം ഏറെക്കണ്ട സർക്കാരിന്‍റെ കാലാവധിയാണ് അവസാനിക്കാനിരിക്കുന്നത്. കർഷകരെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾക്കും ഇന്നത്തെ ബജറ്റിൽ സാധ്യതയുണ്ട്.പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലുള്ള വനിതാ കർഷകർക്ക് ആറായിരത്തില്‍ സഹായം ഇരട്ടിയാക്കിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ വർഷം പാരീസ് ഒളിമ്പിക്സ് നടക്കാനിരിക്കുന്നതിനാലും കായിക താരങ്ങളുടെ പിന്തുണ ഉറപ്പിക്കുകയും ലക്ഷ്യമിട്ട് ഈ രംഗത്തും പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.

അതേസമയം രാജ്യത്തെ അടുത്ത 5 വർഷത്തിനുള്ളിൽ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നതാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഈ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനത്തിന് വേഗം കൂട്ടുന്ന പ്രഖ്യാപനങ്ങളും ഇടക്കാല ബജറ്റിൽ പ്രതീക്ഷിക്കാം.