വരുമാനമില്ലെങ്കിലും ഭാര്യക്ക് ജീവനാംശം നൽകാൻ ഭർത്താവ് ബാധ്യസ്ഥൻ: അലഹബാദ് ഹൈക്കോടതി
ലഖ്നൗ: ജോലിയിൽനിന്ന് കാര്യമായ വരുമാനമില്ലെങ്കിലും ഭാര്യക്ക് ജീവനാംശം നൽകാൻ ഭർത്താവ് ബാധ്യസ്ഥനാണെന്നും ദിവസേന 300 മുതൽ 400 രൂപവരെ ജോലിയിലൂടെ ഏതൊരാൾക്കും ലഭിക്കുമെന്നും അലഹബാദ് ഹൈക്കോടതി. രേണു അഗർവാൾ അധ്യക്ഷയായ ബെഞ്ചിന്റേതാണ് വിധി.
വിവാഹമോചിതയായ ഭാര്യക്ക് മാസം 2000 രൂപ വീതം ജീവനാംശം നൽകണമെന്ന കുടുംബകോടതി വിധിക്കെതിരായ യുവാവിന്റെ റിവിഷൻ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. 2015ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബവും പീഡിപ്പിക്കുന്നെന്നാരോപിച്ച് 2016ൽ യുവതി വീട് വിട്ടിറങ്ങുകയായിരുന്നു.