മേപ്പാടി ചൂരൽമല റോഡിന് ശാപമോക്ഷം; പാത നവീകരണത്തിന് നടപടി
വയനാട്ടിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന മേപ്പാടി ചൂരൽമല റോഡിൻ്റെ ദുരവസ്ഥ മാറും. മുടങ്ങിക്കിടന്ന പാതയുടെ നവീകരണത്തിന് നടപടികളായി. ഫെബ്രുവരി അവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടി സിദ്ദിഖ് എംഎല്‍എ.
കുഴിനിറഞ്ഞപാതയിലൂടെ ദുരിതയാത്ര നടത്തിവേണം പുത്തുമലയും ചൂരല്‍മലയും തൊള്ളായിരം കണ്ടിയുമടക്കമുള്ള പ്രദേശങ്ങളിലേക്ക് മേപ്പാടിയില്‍ നിന്ന് യാത്ര ചെയ്യാന്‍. 3000-ത്തിലധികം കുടുംബങ്ങള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക വഴിയാണിത്. 2018 നവംബറില്‍ ആരംഭിച്ച നിര്‍മാണ പ്രവൃത്തി അനന്തമായി നീളുകയായിരുന്നു.
കരാറുകാര്‍ പാതിവഴിയില്‍ പദ്ധതി ഉപേക്ഷിച്ചുപോയി. നിലവില്‍ 26.58 കോടി രൂപ ചിലവില്‍ നവീകരണം പൂര്‍ത്തിയാക്കാനാണ് നീക്കം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് കരാര്‍. സര്‍വേ നടപടികള്‍ പൂര്‍ത്തിയായാല്‍ നിര്‍മാണം തുടങ്ങും. ടൂറിസ്റ്റുകള്‍ ധാരാളമെത്തുന്ന പ്രദേശമാണിത്.
12 കിലോമീറ്ററാണ് റോഡിന്‍റെ ദൈര്‍ഘ്യം. ഇതില്‍ 9 കിലോമീറ്റര്‍ദൂരവും എച്ച്എംഎല്‍, പോഡാര്‍, എവിടി തുടങ്ങിയ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയാണ് പാത കടന്നുപോകുന്നത്. സര്‍ക്കാരുമായി കേസ് നിലവിലുള്ളതിനാല്‍ എസ്റ്റേറ്റുകള്‍ റോഡ് നവീകരണത്തിന് ഭൂമി വിട്ടുനല്‍കാന്‍ സന്നദ്ധമല്ല. അതിനാല്‍ ഈ മേഖലയില്‍ വീതി കുറച്ചാകും നിര്‍മാണം നടക്കുകയെന്ന പ്രതിസന്ധിയുമുണ്ട്.