Kerala

ഗവർണർ സഭയെ അവഹേളിച്ചു, പ്രതിപക്ഷ നിരയിലേക്ക് ഗവർണർ നോക്കിയത് പോലുമില്ല’; പി കെ കുഞ്ഞാലിക്കുട്ടി

Spread the love

ഗവർണർ സഭയെ കൊഞ്ഞനം കുത്തിയെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സർക്കാരിന്റെ നയപ്രഖ്യാപനം പൂർണമായും വായിക്കാതെ മടങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി പി കെ കുഞ്ഞാലികുട്ടി വിമർശിച്ചു. ഗവർണർ വരുന്നത് കണ്ടു പോകുന്നതും കണ്ടു എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. പ്രതിപക്ഷ നിരയിലേക്ക് ഗവർണർ നോക്കിയത് പോലുമില്ലെന്നും, ഇത് നിയമസഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം നിയമസഭയിൽ സർക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവിധ വിഷയങ്ങൾ ഉണ്ട്. സർക്കാരിന്റെ കയ്യിൽ ഒന്നിനും കാശില്ല. നന്നായി പ്രവർത്തിക്കാനും പറ്റുന്നില്ല. സർക്കാർ നിശ്ചലമായി നിൽക്കുകയാണ്. അത് നിയമസഭയിൽ പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രത്തിൽനിന്ന് ഫണ്ട് വാങ്ങി എടുക്കേണ്ട ആദ്യ ചുമതല സംസ്ഥാനത്തിന്റേതാണ്. അതിൽ വീഴ്ച ഉണ്ടായിട്ടുണ്ട്. ഉഭയകക്ഷി ചർച്ച ആരംഭിച്ചിട്ടുണ്ട്. യുഡിഎഫുമായി ആദ്യ റൗണ്ട് ചർച്ച കഴിഞ്ഞതിനുശേഷമേ പാർട്ടിയുടെ കാര്യങ്ങൾ പറയാൻ കഴിയൂ. അധിക സീറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എല്ലാം ആദ്യ റൗണ്ട് ചർച്ച കഴിഞ്ഞശേഷം ലീഗിൻറെ തീരുമാനം അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.