Kerala

രാഹുൽ ഗാന്ധിയെ തടഞ്ഞത് ആരാധനാ സ്വാതന്ത്ര്യ നിഷേധമെന്ന് കെ സുധാകരൻ

Spread the love

ഇന്ത്യൻ ജനത രാഹുൽ ഗാന്ധിയെ തങ്ങളുടെ യഥാർത്ഥ നായകനായി അംഗീകരിച്ചതിന്റെ വെപ്രാളത്തിലാണ് ബിജെപി, ‘ഭാരത് ജോഡോ ന്യായ യാത്രയ് നേരെ ആക്രമണങ്ങൾ നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. രാഹുൽ ഗാന്ധിക്ക് ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നത് ഫാസിസത്തിന്റെ അങ്ങേയറ്റം. മുഴുവൻ ഹിന്ദുക്കളുടെയും അപ്പോസ്തലനാകാനാണ് മോദി ശ്രമിക്കുന്നതെന്നും സുധാകരൻ.

വിശ്വാസിയായ രാഹുൽ ഗാന്ധിക്ക് ക്ഷേത്രദർശനം പോലും അനുവദിച്ചത് അങ്ങേയറ്റം അപലപനീയമാണ്. ഹിന്ദുമതത്തിന്റെ കുത്തക ബിജെപിക്ക് ആരും തീറെഴുതി നല്‍കിയിട്ടില്ല. ചാതുര്‍വര്‍ണ്യത്തിന്റെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന സംഘപരിവാര്‍ അജണ്ട ഹിന്ദുവിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രം വിശ്വാസികളെന്ന തരത്തിലാണ് സംഘപരിവാര്‍ ഹൈന്ദവ മതത്തെ രാഷ്ട്രീയവത്കരിക്കുന്നതെന്നും കെപിസിസി പ്രസിഡന്റ്.

അസമില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്ര പ്രവേശിച്ചത് മുതല്‍ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ നടക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കുകയും അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തെ ആക്രമിക്കുകയും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ വാഹനം അടിച്ചു തകര്‍ക്കുകയും അസം പിസിസി അധ്യക്ഷന്‍ ഭൂപന്‍ ബോറയെ കായികമായി ആക്രമിക്കുകയും ചെയ്തു. ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകുന്ന വഴികളിലെ പരിപാടികള്‍ക്ക് അസം സര്‍ക്കാര്‍ അകാരണമായി അനുമതി നിഷേധിച്ചു

കോണ്‍ഗ്രസ് പതാകകളും ബാനറുകളും നശിപ്പിച്ചു. ഭാരത് ജോഡോ ന്യായ് യാത്രക്കും രാഹുല്‍ ഗാന്ധിക്കും ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന സ്വീകാര്യതയും പിന്തുണയും ബിജെപിയെ വിറളിപിടിപ്പിക്കുന്നുവെന്നും അദ്ദേഹത്തിന് മതിയായ സുരക്ഷ ഒരുക്കുന്നതില്‍ അസം സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പരാജയപ്പെട്ടുവെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.