കിടന്നുറങ്ങിയത് തറയില്‍; രാത്രിയും രാവിലെയും കരിക്കും പഴങ്ങളും മാത്രം; കേരളത്തിലെത്തിയ പ്രധാനമന്ത്രിയുടെ രീതികളിങ്ങനെ
തൃശൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാനെത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹാരരീതിയും ഉറക്കത്തിന്റെ രീതിയും പങ്കുവെച്ച് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് ജീവനക്കാര്‍. വെജിറ്റേറിയനായ മോദി, എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ പഴങ്ങള്‍ മാത്രം ഭക്ഷിച്ചാണ് താമസിച്ചതെന്നും തെരഞ്ഞെടുത്ത പഴവര്‍ഗങ്ങള്‍ മാത്രമാണ് ഭക്ഷിച്ചിരുന്നതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പുറപ്പെടുംമുന്‍പ് മോദി കരിക്ക് വെള്ളം മാത്രമാണ് കുടിച്ചത്. ചടങ്ങുകളില്‍ പങ്കെടുത്ത് തിരികെ ഡല്‍ഹിക്ക് മടങ്ങുമ്പോള്‍ വാഴക്കുളം പൈനാപ്പിളും കരിക്കും മോദിക്കായി കൊടുത്തുവിട്ടു. കരിക്ക് ഏറെ ഇഷ്ടപ്പെട്ട പ്രധാനമന്ത്രിക്ക് വേണ്ടി 20 എണ്ണമാണ് ഡല്‍ഹിക്ക് കയറ്റിവിട്ടത്. പ്രത്യേകമായി പാക്ക് ചെയ്ത കരിക്ക് ബോക്‌സുകള്‍ മോദിയുടെ ലഗ്ഗേജിനൊപ്പം കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തിക്കുകയായിരുന്നു.
പ്രധാനമന്ത്രി വെജിറ്റേറിയന്‍ ആയതിനാല്‍ അദ്ദേഹത്തിന് വേണ്ടി പ്രത്യേക അടുക്കള ഗസ്റ്റ് ഹൗസില്‍ ക്രമീകരിക്കുകയായിരുന്നെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍ ബിനീത് മേരി ജാന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ‘വാഴക്കുളത്ത് നിന്ന് ഫസ്റ്റ് ക്വാളിറ്റി പൈനാപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും പേരക്കയും പപ്പായയും കൂടാതെ ആപ്പിളും ഓറഞ്ചും ഡ്രൈ ഫ്രൂട്ട്‌സും തണ്ണിമത്തനും പ്രധാനമന്ത്രിക്കായി എത്തിച്ചു. അത്താഴത്തിന് ചോറ്, ഫ്രൈഡ് ബസ്മതി റൈസ്, ഫുല്‍ക എന്നിവയും നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളായ മലായി കഫ്തയും ദാലും ഗോബിയും തയ്യാറാക്കി. ഇവയ്‌ക്കൊപ്പം കേരളത്തിന്റേതായ അവിയലും ഓലനും കാളനും ഗോതമ്പ് പായസവും. പക്ഷേ അത്താഴത്തിന് പപ്പായയും പൈനാപ്പിളും മാത്രമാണ് മോദി കഴിച്ചത്.
പ്രധാനമന്ത്രിയുടെ മുന്‍ സന്ദര്‍ശനത്തിലുപയോഗിച്ച കയര്‍ മെത്തകള്‍ അദ്ദേഹത്തിനിഷ്ടപ്പെട്ടതിനാല്‍ ഇത്തവണയും തങ്ങള്‍ കയര്‍ഫെഡില്‍ നിന്ന് കയര്‍ മെത്ത വാങ്ങിയെന്ന് ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ പറഞ്ഞു. പക്ഷേ മെത്തയിലോ കിടക്കയിലോ കിടക്കുന്നതിന് പകരം യോഗയ്ക്ക് ഉപയോഗിക്കുന്ന ഷീറ്റ് വിരിച്ച് തറയിലാണ് അദ്ദേഹം കിടന്നുറങ്ങിയത്. മൂന്ന് ബെഡ്ഷീറ്റുകളും പ്രധാനമന്ത്രിക്ക് നല്‍കി, ‘ബിനീത് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ബുധനാഴ്ച രാവിലെ ഇഡ്ഡലിയും ദോശയും അപ്പവും പുട്ടും കോണ്‍ഫ്‌ളേക്‌സും പാലും പഴങ്ങളും ബ്രേക്ക് ഫാസ്റ്റായി തയ്യാറാക്കിയെങ്കിലും ആറ് മണിയോടെ കരിക്കും കരിക്ക് വെള്ളവും മാത്രം കുടിച്ചാണ് മോദി ഗുരുവായൂരിലേക്ക് പുറപ്പെട്ടത്. തൃശൂര്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നിന്നുള്ള ഷെഫ് ആണ് ഗുരുവായൂരിലെത്തി അദ്ദേഹത്തിന് പ്രഭാത ഭക്ഷണം തയ്യാറാക്കിയത്. ഉച്ചയ്ക്ക് എറണാകുളം ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ വില്ലിംഗ്ഡണ്‍ വേദിയില്‍ പ്രധാനമന്ത്രിയുടെ ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കി. ഗസ്റ്റ് ഹൗസില്‍ പ്രധാനമന്ത്രിക്കും അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കും വേണ്ടി 26 വിഭവങ്ങള്‍ അടങ്ങിയ കേരള സദ്യ ഒരുക്കിയിരുന്നു. എന്നാല്‍ മറൈന്‍ ഡ്രൈവിലെ ചടങ്ങിന് ശേഷം പ്രധാനമന്ത്രി നേരെ നേവല്‍ എയര്‍ ബേസായ ഐഎന്‍എസ് ഗരുഡയിലേക്കും നെടുമ്പാശേരി വിമാനത്താവളത്തിലേക്കും മടങ്ങി.