Kerala

സിസ് ബാങ്ക് തട്ടിപ്പ്; സിഇഒ അടക്കം 4 പേർക്കെതിരെ കേസ്

Spread the love

കോഴിക്കോട് സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള കോടികളുടെ തട്ടിപ്പിൽ നടക്കാവ് പൊലീസ് 4 കേസുകൾ രജിസ്റ്റർ ചെയ്തു. നാലു പേർക്കെതിരെയാണ് കേസ്. സി ഇ ഒ വസിം തൊണ്ടിക്കോടൻ, മാനേജർ ഷംന കെ ടി, ഡയറക്ടർ റാഹില ബാനു, ഡയക്ടർ തൊണ്ടിക്കോട്ട് മൊയിതീൻകുട്ടി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മൂവായിരത്തോളം പേരിൽ നിന്നും 15 കോടി മുതൽ 20 കോടി രൂപ വരെ സ്വീകരിച്ചു എന്നാണ് ആരോപണം. ഉയർന്ന പലിശ വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചശേഷം പണം മടക്കി നൽകാതെ വഞ്ചിച്ചെന്നാണ്‌ പരാതി.

പ്രമുഖ ബാങ്കിന്റെ പേരിനോട് സാമ്യം തോന്നുന്ന പേര് നൽകിയാണ് കഴിഞ്ഞ മൂന്ന് വർഷമായി സിസ് ബാങ്ക് എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏകദേശം മൂവായിരത്തോളം പേരാണ് പണം നിക്ഷേപിച്ചത്. ജോലി വാഗ്ദാനം, ഡെയ്‌ലി ഡെപ്പോസിറ്റ് , ഫിക്‌സിഡ് ഡെപ്പോസിറ്റ് എന്നി പേരുകളിലാണ് പണം സ്വീകരിച്ചിരുന്നത്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളും സാധാരണക്കാരുമാണ് പറ്റിക്കപ്പെട്ടവരിൽ ഏറെയും.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നടക്കാവ്, പേരാമ്പ്ര, താമരശേരി, പാളയം, കോട്ടക്കൽ, ചേളാരി എന്നിവിടങ്ങളിലാണ് ബ്രാഞ്ചുകൾ. ഇവിടങ്ങളിൽ 15 കോടി മുതൽ 20 കോടി വരെ സ്വീകരിച്ചുവെന്ന് എന്നാണ് പരാതി.