ഒരു വര്‍ഷമായി പെൻഷനില്ല, നൽകേണ്ടത് 720 കോടി; കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൽ കടുത്ത പ്രതിസന്ധി
തിരുവനന്തപുരം: സംസ്ഥാന കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലും കടുത്ത സാമ്രത്തിക പ്രതിസന്ധി. ഒരു വര്‍ഷമായി അംഗങ്ങൾക്ക് പെൻഷൻ നൽകിയില്ല. ഈ ഇനത്തിൽ മാത്രം 720 കോടി രൂപ ബോര്‍ഡ് നൽകാനുണ്ട്. 361100 തൊഴിലാളികളാണ് ക്ഷേമനിധി ബോര്‍ഡിൽ പെൻഷൻ ലഭിക്കേണ്ടവര്‍. ഒന്നര വര്‍ഷം മുൻപാണ് ബോര്‍ഡിൽ പുതിയ ക്ഷേമപെൻഷൻ അപേക്ഷ തീര്‍പ്പാക്കിയത്
കഴിഞ്ഞ ജനുവരിയിലാണ് അവസാനമായി അംഗങ്ങൾക്ക് പെൻഷൻ കിട്ടിയത്. ക്രിസ്മസ്- പുതുവൽസരത്തിന്റെ ഭാഗമായി ഒരു മാസത്തെ പെൻഷൻ ജനുവരിയിൽ നൽകിയതൊഴിച്ചാൽ തൊഴിലാളികളെ കയ്യൊഴിയുകയാണ് ബോർഡ്. 22 ലക്ഷം ക്ഷേമനിധി അംഗങ്ങൾ മാസം 50 രൂപ അടച്ചിട്ടും ആനുകൂല്യങ്ങൾ മുടങ്ങിയ സ്ഥിതിയാണ്. നവംബർ 30 വരെ പെൻഷൻ ഇനത്തിൽ മാത്രം 600 കോടി രൂപ നൽകാനുണ്ടെന്നാണ് കണക്ക്. മറ്റ് ആനുകൂല്യങ്ങൾ കൂടിയാകുമ്പോൾ കൂടിശ്ശിക അതിലുമേറെയാകും. 19747 പേർക്ക് അംശാദായം തിരിച്ച് നൽകാനുണ്ട്. ഇതിനു മാത്രം 11.20 കോടി രൂപ നൽകാനുണ്ട്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറഞ്ഞ് കൈ കഴുകുകയാണ് ബോർഡ് ചെയ്യുന്നത്.