Kerala

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ജനാധിപത്യ വിരുദ്ധമായ നടപടി ‘; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് രമേശ്‌ ചെന്നിത്തല

Spread the love

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ചെയ്തതിനെതിരെ രമേശ് ചെന്നിത്തല. ജനാധിപത്യവിരുദ്ധമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്, സമരം ചെയ്ത പ്രവർത്തകരെയും നേതാക്കളെയും അർധരാത്രിയിൽ അറസ്റ്റ് ചെയ്യുന്നത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും അദ്ദേഹം പ്രതികരിച്ചു. കേട്ടുകേൾവി ഇല്ലാത്ത നടപടിയാണ് പൊലീസിന്റെത്, രാഹുൽ മാങ്കൂട്ടത്തെ അടിയന്തരമായി അറസ്റ്റ് ചെയ്യേണ്ട എന്ത് സാഹചര്യമാണുണ്ടായതെന്ന് ചെന്നിത്തല ചോദിച്ചു.

പ്രതിഷേധിക്കുന്നവർക്കെതിരെ സർക്കാർ എടുക്കുന്ന നടപടി കേട്ടുകേൾവിയില്ലാത്തതാണ്.ജനകീയ പിന്തുണയോടെ ഈ നടപടികളെ നേരിടും. സർക്കാരിന്റെ ഭരണ പരാജയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സാമ്പത്തികമായി തകർന്ന ഒരു ഗവൺമെന്റ് ആണ്.ഈ സർക്കാരിന് കർഷകരോടോ ഇടുക്കിയിലുള്ള ജനങ്ങളോടോ ഒരു ആത്മാർത്ഥതയും ഇല്ല. ഇടുക്കിയിലെ ജനങ്ങളോട് വഞ്ചനാത്മകമായ സമീപനമാണ് സിപിഐഎം ഗവൺമെന്റിന്റെത്. രാഹുലിന്റെ അറസ്റ്റിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റിൽ വൻ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. പൊലീസ് നടപടിയിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി പ്രതികരിച്ചു. പ്രതിപക്ഷ പ്രസ്ഥാനങ്ങളെ അടിച്ചമർത്തി വാഴാമെന്ന മിഥ്യാധാരണ സർക്കാരിന് വേണ്ടെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും 24 നോട് പറഞ്ഞു.

കേരളത്തിലെ പ്രതിപക്ഷം ഒരു സമരവും നടത്തരുതെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ജനവികാരത്തെ അടിച്ചമർത്തി സർക്കാരിന് എത്രനാൾ മുന്നോട്ടു പോകാൻ കഴിയും? ജനാധിപത്യ വിരുദ്ധ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. സമരങ്ങളെ അടിച്ചമർത്തലാണോ സിപിഐഎമ്മിന്റെ നിലപാട്? പ്രതിപക്ഷ പ്രസ്ഥാനങ്ങളെ അടിച്ചമർത്തി വാഴാമെന്ന മിഥ്യാധാരണ സർക്കാരിന് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ് സജീവമായപ്പോഴേക്കും മുഖ്യമന്ത്രിയുടേയും സർക്കാരിന്റെയും മുട്ടിടിക്കാൻ തുടങ്ങിയെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിനെ ഇത്രയധികം ഭയക്കാനുള്ള കാരണം മനസ്സിലാകുന്നില്ല. പ്രതിഷേധിച്ചതിന്റെ പേരിൽ രാഹുലിനെ അറസ്റ്റ് ചെയ്താൽ ഭയപ്പെടുന്നവരല്ല യൂത്ത് കോൺഗ്രസുകാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : ‘പൊലീസിനും ആഭ്യന്തര വകുപ്പിനും ഭ്രാന്ത് പിടിച്ചു’; രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റിൽ കോൺഗ്രസ്

കേരളാ പൊലീസിനും ആഭ്യന്തര വകുപ്പിനും ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നായിരുന്നു പി.സി വിഷ്ണുനാഥ് എംഎൽഎയുടെ പ്രതികരണം. അടിയന്തര ചികിത്സ നൽകിയില്ലെങ്കിൽ കേരളത്തിലെ പൊതുസമൂഹത്തിന് അത് ആപത്താകുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് തുടരുന്ന വേട്ടയുടെ ഭാഗമാണ് അറസ്റ്റെന്ന് അബിൻ വർക്കി പ്രതികരിച്ചു. പൊലീസ് നടപടി അസാധാരണമാണ്. കഴിഞ്ഞ 20 ദിവസമായി രാഹുൽ തിരുവനന്തപുരത്തായിരുന്നു. തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് ചെയ്യാതെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാൻ എന്ത് കുറ്റമാണ് രാഹുൽ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.