പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള അധികാരം സർക്കാരിനുണ്ട്’; ബിൽക്കിസ് ബാനു കേസിൽ പുനഃപരിശോധന സാധ്യത തേടി ഗുജറാത്ത്
ബിൽക്കിസ് ബാനു കേസിൽ പുനഃപരിശോധന സാധ്യത തേടി ഗുജറാത്ത് സർക്കാർ. സുപ്രിംകോടതി ഉത്തരവിൽ നിയമോപദേശം തേടാനാണ് തീരുമാനം. വിധിയിൽ സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ നീക്കി കിട്ടാനാണ് നിയമ നടപടി സ്വീകരിക്കുക. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള അധികാരമുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗുജറാത്ത് സർക്കാർ
ഇതിനിടെ സുപ്രീംകോടതി ശിക്ഷാ ഇളവ് റദ്ദാക്കിയതിനെതിരെ മഹാരാഷ്ട്രയിൽ വിടുതൽ അപേക്ഷ നൽകാനാണ് പ്രതികളുടെ നീക്കം. ജയിലിൽ തിരികെ പ്രവേശിക്കുന്നതിനു മുൻപേ അപേക്ഷ സമർപ്പിച്ചേക്കും. മോചനം ലഭിച്ചതിനുശേഷം ഉള്ള കാലയളവിൽ മാതൃകാപരമായ ജീവിതം നയിച്ചെന്നും പ്രതികൾ അപേക്ഷയിൽ ഉന്നയിക്കും.
ബിൽക്കിസ് ബാനു കേസിൽ കുറ്റവാളികളുടെ മോചനത്തിന് അനുകൂലമായി ഗുജറാത്ത് സർക്കാർ മൗനം പാലിച്ചെന്നാണ് കോടതി നിരീക്ഷിച്ചത്. നിയമവിരുദ്ധമായ നിർദേശങ്ങൾ നൽകാൻ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഗുജറാത്ത് സ്വീകരിച്ചത്. ഗുജറാത്ത് മറ്റൊരു സംസ്ഥാനത്തിന്റെ അധികാരത്തിൽ വരുന്ന സംഭവം കവർന്നെടുക്കുകയും വിവേചനാധികാരം ദുരുപയോഗം ചെയ്യുകയും ചെയ്തു.
നിയമവ്യസ്ഥകളെയും കോടതിവിധികളെയും മാനിച്ചിരുന്നെങ്കിൽ പുനഃപരിശോധനാ ഹർജി സമർപ്പിക്കുമായിരുന്നെന്നും സുപ്രീംകോടതി ഇന്നലെ പറഞ്ഞു. ഗുജറാത്ത് സർക്കാരിന് ഒരു അധികാരവുമില്ലാത്ത കേസിൽ പ്രതികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനാൽ ശിക്ഷായിളവ് നൽകിയ ഉത്തരവ് റദ്ദാക്കുന്നതായും സുപ്രീംകോടതി പറഞ്ഞു.