കാക്കനാട് സെൻ ഫ്രാൻസിസ് അസീസി പള്ളിയിൽ വാതിൽ അടച്ചിട്ട് കുർബാന
കാക്കനാട് സെൻ ഫ്രാൻസിസ് അസീസി പള്ളിയിൽ വാതിൽ അടച്ചിട്ട് ദേവാലയത്തിനുള്ളിൽ കുർബാന നടത്തി. വികാരിയും കപ്യാരും മാത്രമാണ് ദേവാലയത്തിന് ഉള്ളിൽ ഉണ്ടായിരുന്നത്. പ്രതിഷേധക്കാർ എത്തുന്നതിനു മുൻപ് പള്ളിയുടെ വാതിലുകൾ അടച്ചശേഷമാണ് കുർബാന നടത്തിയത്. കുർബാനയിൽ പങ്കെടുക്കാൻ എത്തിയ വിശ്വാസികൾ അടക്കം ജനലിലൂടെ കുർബാന കണ്ട് പങ്കെടുത്തു.
കഴിഞ്ഞ ദിവസം കാക്കനാട് സെൻറ് ഫ്രാൻസിസ് അസീസി പള്ളിയിൽ സിനഡ് കുർബാന തടയാൻ ശ്രമിച്ചിരുന്നു. ഒരു ഭാഗം വിശ്വാസികൾ പള്ളിയിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
പ്രതിഷേധക്കാർ പള്ളി വികാരിയുടെ മുറിയിലും കയറിയിരുന്നു. കുർബാന അർപ്പിക്കാൻ നേരത്തെ ഇതേ വികാരി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് തൃക്കാക്കര സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാരും സ്ഥലത്തെത്തിയിരുന്നു.
എന്നാൽ, കോടതി ഉത്തരവോടെ കുർബാന നടത്തട്ടേയെന്ന് പൊലീസ് നിലപാടെടുത്തപ്പോൾ പറ്റില്ല എന്ന് നിലപാടെടുത്ത ഫാദർ ആൻ്റണി മാങ്കുറി കുർബാന അവസാനിപ്പിക്കില്ല എന്നും വ്യക്തമാക്കി. ചർച്ചയ്ക്കിടയിൽ സിനഡ് കുർബാനയെ അനുകൂലിക്കുന്ന ആളുകൾ കയറി വന്നതോടെ ഇരു വിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. പക്ഷെ പ്രതിഷേധങ്ങൾക്കിടെ കുർബാന ആരംഭിക്കുകയായിരുന്നു.