Kerala

തൃശൂരിൽ മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ടി എൻ പ്രതാപൻ എംപി

Spread the love

കോൺഗ്രസും ബിജെപിയും തമ്മിലാണ് തൃശൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരമെന്ന് ടി എൻ പ്രതാപൻ എംപി. തൃശൂരിൽ ബിജെപി ബോധപൂർവം വർ​ഗീയ സംഘർഷത്തിന് ശ്രമിക്കുന്നു. തെരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന് കണ്ടപ്പോൾ സാമുദായിക സംഘർഷമുണ്ടാക്കാനും വിഭാഗീയതയുണ്ടാക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. തൃശൂരിൽ വർ​ഗീയ സംഘർഷമുണ്ടാക്കാൻ നോക്കേണ്ട അത് നടക്കില്ലെന്നും ബിജെപിയുടെയും ആർഎസ്എസിന്റെയും ഏത് വെല്ലുവിളിയും ഏറ്റെടുക്കുമെന്നും ടി എൻ പ്രതാപൻ എംപി വ്യക്തമാക്കി.

ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ കെ അനീഷിനെ തനിക്ക് നേരെ ചാണകവെള്ളം തളിക്കാൻ ടി എൻ പ്രതാപൻ വെല്ലുവിളിക്കുകയും ചെയ്തു. ശരീരത്തിന് മീൻ മണമുള്ളവനാണ് താൻ. ചാണകം മെഴുകിയ തറയിൽ കിടന്നിട്ടുമുണ്ട്. നിങ്ങൾ പറയുന്ന സ്ഥലത്തു വരാമെന്നും വെല്ലുവിളിക്കുന്നുവെന്നും ടി എൻ പ്രതാപൻ പറഞ്ഞു.

തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചതിനെയും ടി എൻ പ്രതാപൻ വിമർശിച്ചു. പ്രധാനമന്ത്രിയുടെ പരിപാടിക്ക് രണ്ടു ലക്ഷം പേരെ കൊണ്ടു വരുമെന്ന് പറഞ്ഞിട്ട് നടന്നില്ല. നാല്പതിനായിരം കസേരയാണ് ആകെയിട്ടത്. പരിപാടി വിജയിപ്പിക്കാനാവാത്തതിന്റെ നിരാശയാണ് ബിജെപിക്കെന്നും എംപി പരിഹസിച്ചു.