National

ഇന്ത്യയുടെ ആദ്യ സൗരദൗത്യം; ആദിത്യ എല്‍ വണ്‍ ഇന്ന് ലക്ഷ്യ സ്ഥാനത്തേക്ക്

Spread the love

ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍ വണ്‍ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകുന്നേരം നാല് മണിയോടെയാകും ആദിത്യ ഒന്നാം ലഗ്രാ‍‌ഞ്ച് പോയിന്‍റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിക്കുക. പേടകത്തിലെ എല്ലാ ഉപകരണങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. 2023 സെപ്റ്റംബർ 2ന് ആയിരുന്നു ആദിത്യയുടെ വിക്ഷേപണം.

ദൗത്യം വിജയിച്ചാൽ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്ആര്‍ഒ. കൊറോണ, സൗരവാതം, പ്ലാസ്മ പ്രവാഹം, സൂര്യനിലെ കാന്തികമണ്ഡലം, വിവിധ സൗര പ്രതിഭാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ആദിത്യ ലഭ്യമാക്കും.

ഏഴ് പേ ലോഡുകളാണ് ആദിത്യ എൽ വണ്ണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സൂര്യന്റെ കൊറോണയെ പഠിക്കാനുള്ള വിസിബിൾ എമിഷൻ ലൈൻ കൊറോണോഗ്രാഫ് അഥവാ VELC, സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് അഥവാ SUIT, സൂര്യനിൽ നിന്നുള്ള എക്സ് റേ തരംഗങ്ങളെ പഠിക്കാനുള്ള സോളാർ ലോ എൻർജി എക്സ് റേ സ്പെക്ട്രോ മീറ്റർ അഥവാ SoLEXS, ഹൈ എനർജി എൽ വൺ ഓർബിറ്റിങ്ങ് എക്സ് റേ സ്പെക്ട്രോമീറ്റർ അഥവാ HEL1OS എന്നിവയാണ് മറ്റ് രണ്ട് പേ ലോഡുകൾ.

സൂര്യനിൽ നിന്ന് വരുന്ന കണങ്ങളെ നിരീക്ഷിക്കാനുള്ള ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമന്റ് പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ എന്നീ ഉപകരണങ്ങളും ഒരു മാഗ്നെറ്റോമീറ്ററും ദൗത്യത്തിന്റെ ഭാഗമാണ്. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ സ്പേസ് ഫിസിക്സ് ലബോറട്ടറിയാണ് PAPA പേ ലോഡിന് പിന്നിൽ.