World

ഇറാനിലെ ഇരട്ട സ്‌ഫോടനം; മരണം നൂറുകടന്നു

Spread the love

ഇറാനിലുണ്ടായ സ്‌ഫോടനത്തില്‍ മരണം നൂറുകടന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ഇതുവരെ 103 പേര്‍ മരണപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 170ലധികം പേര്‍ക്ക് പരുക്കേറ്റെന്നാണ് ഇറാന്റെ ദേശീയ ആരോഗ്യ വിഭാഗം അറിയിക്കുന്നത്. കെര്‍മന്‍ പ്രവിശ്യയിലുണ്ടായത് ഭീകരാക്രമണമാണെന്ന് ഇറാന്റെ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഖാസിം സുലൈമാനിയുടെ ശവകുടീരത്തില്‍ നിന്ന് 700 മീറ്റര്‍ മാത്രം അകലെയാണ് ആദ്യ സ്‌ഫോടനമുണ്ടായത്. ശവകുടീരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയായിരുന്നു രണ്ടാം സ്‌ഫോടനം. യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് ഇറാന്റെ ഐആര്‍ജിസി( ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോപ്‌സ്) തലവനായിരുന്ന ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്. ഇദ്ദേഹത്തിന്റെ നാലാം ചരമവാര്‍ഷിക ദിനത്തിലാണ് സ്‌ഫോടനം.

കെര്‍മന്‍ പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തെ യെമനിലെ ഹൂതികള്‍ അപലപിച്ചു. ക്രമിനല്‍ ബോംബിങ് എന്നാണ് അക്രമത്തെ ഹൂതികള്‍ വിശേഷിപ്പിച്ചത്. സ്‌ഫോടനം സംബന്ധിച്ച സുപ്രധാന വിവരങ്ങൾ ലഭിച്ചെങ്കിലും വിശദമായി പരിശോധിച്ച ശേഷം മാത്രമേ പുറത്തുവിടൂവെന്ന് ഇറാൻ ആഭ്യന്തര മന്ത്രിയും ഐആർജിസി കമാൻഡറുമായ അഹ്മദ് വാഹിദി പറഞ്ഞു. അതുവരെ ഊഹാപോഹങ്ങളും കിംവദന്തികളും വിശ്വസിക്കരുതെന്നും അദ്ദേഹം ഇറാനികളോട് ആവശ്യപ്പെട്ടു.

1998 മുതൽ 2020 വരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ തലവനായിരുന്നു ഖാസിം സുലൈമാനി. ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ലെബനനിലെ ഹിസ്ബുള്ളയുമായും ഇറാഖിലെ സിറിയയുടെ അൽ-അസാദും ഷിയ പോരാളികളുമായും ഇറാന്റെ ബന്ധം ശക്തിപ്പെടുത്തിയത് സുലൈമാനിയായിരുന്നു. മിഡിൽ ഈസ്റ്റിൽ ഇറാനിയൻ സ്വാധീനം വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു ഖാസിം സുലൈമാനി.