5 പശുക്കളെ നൽകും, മിൽമ 45,000 രൂപ കൈമാറും; കുട്ടിക്കർഷകരുടെ വീട്ടിൽ മന്ത്രിമാരായ റോഷി അഗസ്റ്റിനും ചിഞ്ചു റാണിയും
തൊടുപുഴയിൽ കുട്ടിക്കർഷകരുടെ വീട് സന്ദർശിച്ച് മന്ത്രിമാരായ ജെ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും. ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് മന്ത്രി ജെ.ചിഞ്ചു റാണി അറിയിച്ചു. പശുക്കളെ നഷ്ടമായ കുടുംബത്തിന് ഇൻഷുറൻസ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടൻ കൈമാറുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. സാമ്പത്തിക സഹായം സംബന്ധിച്ച് നാളത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. മിൽമ ഇന്ന് 45,000 രൂപ കുടുംബത്തിന് നൽകുമെന്നും കുടുംബം നിരാശപ്പെടരുതെന്നും ജെ.ചിഞ്ചു റാണി പറഞ്ഞു.
കഴിഞ്ഞദിവസമാണ് തൊടുപുഴ സമീപം വെള്ളിയാമറ്റത്ത് പതിനഞ്ചുകാരന്‍ മാത്യൂ നടത്തിയിരുന്ന ഫാമിലെ പശുക്കള്‍ കൂട്ടത്തോടെ ചത്തത്. പശുക്കൾ ചത്തത് കപ്പത്തൊണ്ട് കഴിച്ചിട്ടാണെന്നാണ്
വിലയിരുത്തൽ. ഈ ഫാമിൽ മിക്കവാറും ദിവസങ്ങളിൽ പശുക്കൾക്ക് കപ്പത്തൊണ്ട് നൽകാറുണ്ടായിരുന്നു എന്നാണ് വീട്ടുകാർ വ്യക്തമാക്കുന്നത്. എന്നാൽ കഴിഞ്ഞദിവസം കപ്പത്തൊണ്ട് കഴിച്ചതിനെത്തുടർന്ന് പശുക്കൾ ഒന്നൊന്നായി കുഴഞ്ഞു വീഴുകയായിരുന്നു. മറ്റു ദിവസങ്ങളിൽ കപ്പത്തൊണ്ട് കഴിച്ചിരുന്നുവെങ്കിലും അസൗഭാവികമായി ഒന്നും സംഭവിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞദിവസം കഴിച്ചപ്പോൾ മരണം സംഭവിക്കുകയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. ഇക്കാര്യത്തിലാണ് അധികൃതർ സംശയം ഉന്നയിക്കുന്നതും. എന്നാൽ കപ്പത്തൊണ്ട് പച്ചയ്ക്കും നന്നായി ഉണങ്ങിയിട്ടും പശുക്കൾക്ക് നൽകുന്നതിലും അവ കഴിക്കുന്നതിലും പ്രശ്നങ്ങളില്ലെന്നാണ് പശു കർഷകർ പറയുന്നത്. എന്നാൽ വാടിയ കപ്പത്തൊണ്ടാണെങ്കിൽ ചിലപ്പോൾ മരണകാരണമായേക്കാമെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
പിതാവിന്റ മരണത്തിനു ശേഷമാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു മാത്യു 13-ാം വയസില്‍ ക്ഷീര മേഖലയിലേക്കു കടന്നത്. പഠനത്തോടൊപ്പമാണ് മാത്യു പശുക്കളെ വളര്‍ത്തി കുടുംബത്തിന് കൈത്താങ്ങായിരുന്നത്. മികച്ച കുട്ടിക്ഷീര കര്‍ഷകനുള്ള അവാര്‍ഡും മാത്യൂവിനെ തേടിയെത്തിയിരുന്നു. മറ്റ് നിരവധി പുരസ്‌കാരങ്ങളും ഈ കുട്ടി കര്‍ഷകനെ തേടിയെത്തിയിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിന്‍ വീട്ടിലെത്തി മാത്യുവിനെ ആദരിക്കുകയും ചെയ്തിരുന്നു.