Kerala

വണ്ടിപ്പെരിയാറില്‍ കെപിസിസി ജനകീയ കൂട്ടായ്മ ജനുവരി 7ന്

Spread the love

വണ്ടിപ്പെരിയാർ കേസിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. ജനുവരി 7ന് കെപിസിസിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. ‘മകളെ മാപ്പ്’ എന്ന പേരിലാകും കൂട്ടായ്മ. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറു വയസ്സുകാരിയുടെ കൊലപാതകിക്ക് ശിക്ഷയും പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതിയും ഉറപ്പാക്കുക, പ്രതിക്ക് രക്ഷപ്പെടാൻ കേസ് അട്ടിമറിച്ച സര്‍ക്കാര്‍ നടപടിക്കെതിരെയും അന്വേഷണത്തിലേയും വിചാരണയിലേയും പിഴവുകള്‍ തിരുത്തി ശക്തമായ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

ഇതിനായി കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍,ഡീന്‍ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്റ് സി.പി മാത്യു, രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ,എസ് അശോകന്‍,ജോസി സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഏഴംഗ സംഘാടക സമിതിക്ക് കെപിസിസി രൂപം നല്‍കിയിട്ടുണ്ട്. ജനപ്രതിനിധികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍, കെപിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജനകീയ കൂട്ടായ്മയില്‍ പങ്കെടുക്കും.