Saturday, July 6, 2024
Latest:
National

കർണി സേന നേതാവിന്റെ കൊലപാതകം: മുഖ്യപ്രതിയുടെ വീട് പൊളിച്ചുനീക്കി

Spread the love

രാഷ്ട്രീയ രജ്പുത് കർണി സേന അധ്യക്ഷൻ സുഖ്ദേവ് സിംഗ് ഗോഗമേദിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളിലൊരാളുടെ വീടിന് നേരെ ബുൾഡോസർ നടപടി. മുഖ്യ പ്രതി രോഹിത് റാത്തോഡിന്റെ വീട് വ്യാഴാഴ്ച അധികൃതർ പൊളിച്ചുനീക്കി. റാത്തോഡിന്റെ ഖാതിപുരയിലെ വീട് അനധികൃതമായി നിർമിച്ചതാണെന്നാരോപിച്ചാണ് ജയ്പൂർ ഗ്രേറ്റർ മുനിസിപ്പൽ കോർപ്പറേഷൻ നടപടി സ്വീകരിച്ചത്.

ഡിസംബർ അഞ്ചിനാണ് കർണി സേന തലവൻ ജയ്പൂരിലെ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ചത്. മിനിറ്റുകൾക്കുള്ളിൽ ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ള ഗുണ്ടാ നേതാവ് രോഹിത് ഗോദാര ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഡിസംബർ 9ന് ചണ്ഡീഗഢിൽ വെച്ച് മുഖ്യ പ്രതികളായ രോഹിത് റാത്തോഡ്, നിതിൻ ഫൗജി എന്നിവരെയും കൂട്ടാളികളിലൊരാളായ ഉദ്ധമിനെയും അറസ്റ്റ് ചെയ്തു.

ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന്റെയും രാജസ്ഥാൻ പൊലീസിന്റെയും സംയുക്ത സംഘം നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. രോഹിത് ഗോദരയുടെ നിർദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് നിതിൻ ഫൗജി പൊലീസിനോട് പറഞ്ഞു. ഗോഗമേദിയെ കൊല്ലാൻ 50,000 രൂപ വീതം വാഗ്ദാനം ചെയ്തിരുന്നു. കുറ്റകൃത്യത്തിന് ശേഷം രാജ്യം വിടാനായിരുന്നു പദ്ധതിയെന്നും ഇയാൾ മൊഴി നൽകി.