Kerala

നാവികരുടെ മോചനത്തിനായി കേന്ദ്ര ഇടപെടല്‍ തുടരും; വി മുരളീധരന്‍

Spread the love

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ നാവികരുടെ വധശിക്ഷയില്‍ ഇളവ് വരുത്തിയതില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ കൊണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. നാവികരെ കസ്റ്റഡിയില്‍ എടുത്ത ഘട്ടം മുതല്‍ അവരുടെ മോചനത്തിനായി കേന്ദ്രം ഇടപെടുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഇടപെടല്‍ നാവികരെ തിരികെ എത്തിക്കുന്നത് വരെ തുടരും. ശിക്ഷാവിധി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിക്കാനിരിക്കുന്നതെയുള്ളു എന്നും വി മുരളീധരന്‍ പ്രതികരിച്ചു.

ചാരപ്രവൃത്തി ആരോപിച്ചാണ് എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്കെതിരെ ഖത്തര്‍ വധശിക്ഷ വിധിച്ചിരുന്നത്. കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ട്, ഗോപകുമാര്‍ രാഗേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാഗേഷ് തിരുവനന്തപുരം സ്വദേശിയാണ്.

2022 ഓഗസ്റ്റ് 30നാണ് നാവികര്‍ അറസ്റ്റിലാകുന്നത്. ഒക്ടോബര്‍ 1ന് ദോഹയിലെ ഇന്ത്യന്‍ അംബാസിഡറും ഡെപ്യൂട്ടി ഹെഡ് മിഷനും നാവികരുമായി കൂടിക്കാഴ്ച നടത്തി. 2023മാര്‍ച്ച് 1ന് നാവികരുടെ ജാമ്യാപേക്ഷകള്‍ തള്ളി. 25ന്എട്ട് പേര്‍ക്കെതിരെയും കുറ്റം ചുമത്തി. 29ന് വിചാരണ ആരംഭിച്ചു. ഒക്ടോബര്‍ 26ന് എട്ട് പേര്‍ക്കും വധശിക്ഷ വിധിച്ചു. നവംബര്‍ ആദ്യവാരം നാവികരുടെ കുടുംബത്തെ സന്ദര്‍ശിച്ച വി മുരളീധരന്‍ മോചനത്തിനായി ഇടപെടുമെന്ന് ഉറപ്പ് നല്‍കി. ഡിസംബര്‍ 28ന് ഖത്തര്‍ അപ്പീല്‍ കോടതി വധശിക്ഷ ഇളവ് ചെയ്തു.

മുങ്ങിക്കപ്പല്‍ നിര്‍മാണ രഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നാണ് നാവികര്‍ക്കെതിരെയുള്ള കേസ്. 2022 ഓഗസ്റ്റ് മുതല്‍ നാവികര്‍ ഖത്തറില്‍ തടവിലാണ്. കോടതി ഉത്തരവ് പുറത്തുവിടാത്തതിനാല്‍ എത്ര കാലമാണ് ജയില്‍ ശിക്ഷ എന്ന് വ്യക്തമായിട്ടില്ല. ചാരവൃത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ എങ്കിലും കുറ്റം സംബന്ധിച്ച് വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.