വിടാതെ ഇ.ഡി; മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാളിന് വീണ്ടും നോട്ടീസ്
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ജനുവരി മൂന്നിന് ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇത് മൂന്നാം തവണയാണ് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇ.ഡി. കെജ്‌രിവാളിന് നോട്ടീസ് നല്‍കുന്നത്. ഡിസംബര്‍ 21 ന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും പത്തുദിവസത്തെ വിപാസനധ്യാന ക്യാമ്പുണ്ടെന്ന കാരണം പറഞ്ഞ് കെജ്‌രിവാള്‍ ഹാജരായിരുന്നില്ല.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പില്‍ ആരോപണത്തിലാണ് ഇ.ഡി. അന്വേഷണം നടക്കുന്നത്. ആരോപണമുണ്ടായതിന് പിന്നാലെ 2023 ജൂലായില്‍ സര്‍ക്കാര്‍ മദ്യനയം പിന്‍വലിച്ചിരുന്നു. ഇ.ഡി. അന്വേഷിക്കുന്ന കേസില്‍ ചോദ്യംചെയ്യാന്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് ഒക്ടോബറിലായിരുന്നു കെജ്‌രിവാളിന് ആദ്യം നോട്ടീസ് നല്‍കിയത്.
സി.ബി.ഐ. അന്വേഷിക്കുന്ന കേസില്‍ ഏപ്രിലില്‍ കെജ്‌രിവാളിനെ ചോദ്യംചെയ്തിരുന്നു. മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയും മറ്റൊരു മുന്‍മന്ത്രി സഞ്ജയ് സിങ്ങും കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.ഇ.ഡി. നടപടി നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നായിരുന്നു കെജ്‌രിവാളിന്റെ വാദം. തന്റെ ജീവിതം സുതാര്യവും സത്യസന്ധവുമാണെന്നും കെജ്‌രിവാള്‍ അവകാശപ്പെട്ടിരുന്നു.