മോദി പോക്കറ്റടിക്കാരൻ’; രാഹുലിൻ്റെ പരാമർശം തെറ്റെന്ന് കോടതി, നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കാൻ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. കോൺഗ്രസ് നേതാവിനെതിരെ എട്ടാഴ്ചക്കകം നടപടിയെടുക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യവസായി ഗൗതം അദാനി എന്നിവരെ ‘പിക്ക് പോക്കറ്റുകൾ’ എന്ന് വിശേഷിപ്പിച്ചതിനാണ് രാഹുലിനെതിരെ നടപടിക്ക് ഒരുങ്ങുന്നത്.
രാഹുലിനെതിരെ നടപടിയെടുക്കണമെന്നും രാഷ്ട്രീയ നേതാക്കളുടെ ഇത്തരം മോശം പെരുമാറ്റം തടയാൻ മാർഗരേഖ തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മിനി പുഷ്കർണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
രാഹുൽ ഗാന്ധിയുടെ പരാമർശം ശരിയല്ലെന്ന് പറഞ്ഞ കോടതി നവംബർ 23ന് നൽകിയ നോട്ടീസിൽ എട്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ ആവർത്തിക്കാതിരിക്കാൻ മാർഗനിർദേശങ്ങൾ വേണമെന്നും പൊതുതാൽപര്യ ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കീർത്തി ഉപ്പൽ പറഞ്ഞു.
ഇത്തരം പ്രസ്താവനകൾ തടയേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നായിരുന്നു കോടതിയുടെ മറുപടി. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തപ്പോൾ കോടതി ഇടപെടലിന്റെ ആവശ്യം എന്താണെന്നും ബെഞ്ച് ചോദിച്ചു.