പ്രസ്താവനയിലെ മൂര്‍ച്ച ആക്ഷനിൽ കാണുന്നില്ല’: കോൺഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് കെ.മുരളീധരൻ
കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മര്‍ദനമേറ്റ സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരൻ. സംസ്ഥാന നേതാക്കൾ വിഷയത്തിൽ നടത്തുന്ന പ്രസ്താവനയിലെ മൂർച്ച ആക്ഷനിൽ കാണാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ച ചെയ്യും. ജീവൻരക്ഷാ പ്രവർത്തനം യൂത്ത് കോൺഗ്രസ് പ്രവർത്തകരും നടത്തണമെന്നും പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും കെ മുരളീധരൻ പറഞ്ഞു.
തങ്ങൾ ഗവർണർക്കും സംസ്ഥാന സർക്കാരിനും എതിരാണ്. ഗവർണർ ശ്രമിക്കുന്നത് അദ്ദേഹത്തിൻറെ അജണ്ട നടപ്പാക്കാനാണ്, അതിൽ സ്വയം വഷളാകുന്നു. സർക്കാർ എന്തിന് ഗവർണറുടെ പിന്നാലെ പോകുന്നു. ആരുണ്ട് എന്നെ തടയാൻ എന്ന മട്ടിലാണ് ഗവർണർ മിഠായി തെരുവിലൂടെ നടന്നത്. അദ്ദേഹത്തിന്റെ നടപടിയോട് ഒരു ശതമാനം പോലും യോജിക്കുന്നില്ല. ഒരു ജില്ലയെ അധിക്ഷേപിക്കുന്നത് ശരിയല്ല.പിണറായി വിജയനോട് വിരോധമുണ്ടെന്ന് കരുതി കണ്ണൂര് മുഴുവൻ മോശക്കാരാണെന്ന് അർത്ഥമുണ്ടോ?, ഈനാംപേച്ചിയാണോ മരപ്പട്ടി ആണോ നല്ലതെന്ന് ചോദിക്കുന്നത് പോലെയാണ് ഗവർണർ സർക്കാർ പോരിൽ പ്രതിപക്ഷത്തിന്റെ നിലപാട് എന്തെന്ന ചോദ്യമെന്നും അദ്ദേഹം പ്രതികരിച്ചു.
ഗവർണർ നാമനിർദേശം ചെയ്ത പേരുകളിൽ കോൺഗ്രസുകാർ ഉണ്ടെന്ന ആരോപണം തെറ്റാണ്. കോൺഗ്രസ് ആരെയും സെനറ്റിലേക്ക് നിർദേശിച്ചിട്ടില്ല. സേവ് യൂണിവേഴ്സിറ്റി ഫോറം കൊടുത്ത പേരുകളിൽ കോൺഗ്രസുകാർ ഉണ്ടായേക്കാം. സംഘികളുടെ പേരുകൾ ആര് കൊടുത്തു എന്നതിന് ഗവർണർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.