Wayanad

വയനാട്ടിലെ നരഭോജി കടുവ ഇനി തൃശൂര്‍ പുത്തൂരില്‍; മുഖത്തെ പരുക്കിന് ചികിത്സ നല്‍കും

Spread the love

വയനാട് വാകേരിയില്‍ നിന്ന് പിടികൂടിയ നരഭോജി കടുവയെ തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു. വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലാണ് കടുവയെ പുത്തൂരിലെത്തിച്ചത്. സുവോളജിക്കല്‍ പാര്‍ക്കില്‍ ഐസൊലേഷന്‍ സംവിധാനം ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്.

കടുവയുടെ മുഖത്ത് നിലവില്‍ പരുക്കേറ്റ നിലയിലാണ്. ഇത് ചികിത്സിക്കാന്‍ വെറ്ററിനറി ഡോക്ടറെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂക്കിലെ ചികിത്സയ്ക്ക് ശേഷമാകും ഐസൊലേഷന്‍ മുറിയിലേക്ക് മാറ്റുക. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റതായാണ് സൂചന. ഇന്നലെയാണ് വാകേരിയിലെ കൂടല്ലൂരില്‍ സ്ഥാപിച്ച കെണിയില്‍ നരഭോജി കടുവ വീണത്.

ബത്തേരി കുപ്പാടി മൃഗപരിപാലന കേന്ദ്രത്തില്‍ നിലവില്‍ കടുവകളുടെ എണ്ണം പരമാവധിയാണ്. ഇതിനിടയിലാണ് വയനാട് വൈല്‍ഡ് ലൈഫ് ഫോര്‍ട്ടി ഫൈവ് കടുവ കൂടി എത്തിയത്. ഏഴു കടുവകള്‍ക്കുള്ള കൂടുകളാണ് കുപ്പാടിയില്‍ ഉള്ളത്. നിലവിലെ എണ്ണം എട്ടായി . ഈ സാഹചര്യത്തിലാണ് വാകേരിയിലെ കടുവയെ പുത്തൂരിലേക്ക് മാറ്റാനുള്ള തീരുമാനം.

കടുവയെ വയനാടിന് പുറത്തേക്ക് മാറ്റുമെന്ന് വകേരിക്കാര്‍ക്ക് വനം വകുപ്പ് ഉറപ്പുനല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുത്തൂരിലേക്ക് മാറ്റുന്നത്. ക്ഷീരകര്‍ഷകനായ പ്രജീഷിനെ കൊലപ്പെടുത്തിയ കടുവ പിടിയില്‍ ആകുന്നത് 10 ദിവസത്തിന് ശേഷമാണ് കെണിയില്‍ വീണത്.