‘വെറുതെ കൈയ്യടി നേടാന്‍ നടത്തിയ വെല്ലുവിളി അല്ല, DYFI കാർക്ക് മനസിലാക്കി കൊടുത്തു’; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിച്ച് അരിത ബാബു
നവകേരള സദസിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. ഇന്നലെ വെറുതെ കൈയ്യടി നേടാന്‍ നടത്തിയ വെല്ലുവിളി അല്ല എന്ന് ഡിവൈഎഫ്ഐക്കാര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ നിലപാട് എടുത്ത ആലപ്പുഴ ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിക്ക് ഹൃദയാഭിവാദ്യങ്ങളെന്നാണ് അരിതയുടെ പ്രതികരണം. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.
ഇന്നലെ വെറുതെ കൈയ്യടി നേടാൻ നടത്തിയ വെല്ലുവിളി അല്ല എന്ന് DYFI കാർക്ക് മനസ്സിലാക്കി കൊടുക്കാൻ നിലപാട് എടുത്ത ആലപ്പുഴ ജില്ലാ യൂത്ത് കോൺഗ്രസ്സ് കമ്മറ്റിക്ക് ഹൃദയാഭിവാദ്യങ്ങൾ’- അരിത ബാബു കുറിച്ചു.
ആലപ്പുഴ ജില്ലയില്‍ പ്രതിഷേധം തുടരുമെന്നും നേരിടാന്‍ ഡിവൈഎഫ്ഐക്കാര്‍ ഒരുങ്ങിയിരുന്നോയെന്നും അരിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പൊലീസ് കാണിക്കുന്നത് അങ്ങേയറ്റത്തെ നീതി നിഷേധമാണെന്നും അരിത പറഞ്ഞു.
ആലപ്പുഴയില്‍ സമരം ചെയ്ത നേതാക്കളെ പൊലീസ് ബന്ധികള്‍ ആക്കിയിട്ടും മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം അതിക്രൂരമായ മര്‍ദ്ദനമാണ് നേരിടേണ്ടി വന്നത്. മടങ്ങി വാഹനത്തിലേക്ക് പോകുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നീ കരുതി വച്ചുകൊള്ളാനും ഇത് മുന്‍കൂട്ടി തയ്യാറാക്കി തന്നെ ചെയ്തതാണ് എന്ന് ഉറപ്പിക്കുന്ന തരത്തില്‍ ആക്രോശിച്ചു കൊണ്ടാണ് പോയത്.
പ്രതിഷേധത്തിന് പിന്നാലെ പരുക്കേറ്റ കെഎസ്.യു ജില്ലാ പ്രസിഡന്റിന് വൈദ്യ സഹായം നല്‍കാതെ തടഞ്ഞു വച്ചെന്നും ഇത് കണ്ടവര്‍ ഇടപെട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അരിത ആരോപിച്ചു. പൊലീസ് ഇടതുപക്ഷത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും ആലപ്പുഴയില്‍ നടന്ന മനുഷ്യവകാശ ലംഘനത്തില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്നും അരിത പറഞ്ഞു.