പമ്പയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്; എരുമേലിയിലും ഇലവുങ്കലും ഗതാഗത നിയന്ത്രണം
പമ്പയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്. എരുമേലിയിലും ഇലവുങ്കലും ഗതാഗത നിയന്ത്രണം ശക്തമാക്കി. പുലർച്ചെ ഒന്നു മുതൽ രാവിലെ 8 മണി വരെ തീർഥാടക വാഹനങ്ങൾ പമ്പയിലേക്ക് പോകുന്നതു പൊലീസ് തടഞ്ഞു. തീർഥാടകരുടെ തിരക്കു നിയന്ത്രിക്കാൻ പ്രതിദിന വെർച്വൽ ക്യൂ ബുക്കിങ് 90,000ൽ നിന്ന് 80,000 ആക്കി കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിലെ സ്പെഷ്യൽ ഓഫീസർമാർക്കും മാറ്റമുണ്ട്.
ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരക്ക് നിയന്ത്രിക്കാനും തീർത്ഥാടകർക്ക് അടിസ്ഥാനസൗകര്യം ഒരുക്കാനും കോടതി കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു. എഡിജിപി എം ആർ അജിത് കുമാർ കോടതിയിൽ നേരിട്ട് ഹാജരായി ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു.
സ്പോട്ട് ബുക്കിങോ വെർച്വൽ ക്യൂ ബുക്കിങോ ഇല്ലാതെ ആളുകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കരുത് എന്ന് കോടതി നിർദേശിച്ചിരുന്നു. ദേവസ്വം സൗകര്യങ്ങൾ ഒരുക്കണമെന്നും ശബരിമലയിൽ നിന്നുള്ള വരുമാനമാണ് ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളം എന്ന് ഓർമ വേണമെന്നും കോടതി പറഞ്ഞിരുന്നു.
ശബരിമലയിലെ തിരക്ക് അനിയന്ത്രിതമായി തുടരുന്നതിനിടെ ശബരിമലയിലെ ഡ്യൂട്ടിയ്ക്കുള്ള പോലീസ് ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു. സന്നിധാനം ഓഫീസറായി കെ സുദര്‍ശനന്‍ ഐപിഎസിനെ നിയമിച്ചു. ക്രൈം ബ്രാഞ്ച് എസ്.പി മധുസൂദനന്‍ എസാണ്പമ്പയിലെ ഓഫീസര്‍. സന്തോഷ് കെ വി ഐപിഎസിന് നിലയ്ക്കലിന്റെ ചുമതല നല്‍കി. ശബരിമലയിലെ തിരക്ക് കണക്കിലെടുത്താണ് തീരുമാനം. തിരക്ക് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്ന് വിലയിരുത്തിയാണ് നടപടി. പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ദേവസ്വം മന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.
ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. നവകേരള സദസ്സിനിടെ തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്യേക അവലോകന യോഗത്തിൽ ശബരിമലയിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി.