National

മധ്യപ്രദേശിൽ ട്വിസ്റ്റ്! മോഹൻ യാദവ് മുഖ്യമന്ത്രി; ചൗഹാനെ തഴഞ്ഞു, രാജിവച്ച കേന്ദ്രമന്ത്രിമാരെയും പരിഗണിച്ചില്ല

Spread the love

മധ്യപ്രദേശ്: മോഹൻ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രി. ശിവരാജ് സിംഗ് ചൗഹാനെ തഴഞ്ഞാണ് മുൻമന്ത്രിയും ഉജ്ജെയിൻ എംഎൽഎയുമായ മോഹൻ യാദവിനെ മുഖ്യമന്ത്രിയാക്കിയത്. കേന്ദ്രമന്ത്രി നരേന്ദ‍ർ സിംഗ് തോമർ സ്പീക്കറാകും. സംസ്ഥാനങ്ങളില്‍ ബിജെപി കേന്ദ്ര നേതൃത്വം പിടി മുറുക്കുന്നതിന്‍റെ സൂചനയാണ് പ്രബല നേതാക്കളെ ഒഴിവാക്കിയുള്ള നിയമനങ്ങള്‍.

ഛത്തീസ് ഘട്ടിന് പിന്നാലെ മധ്യപ്രദേശിലും ട്വിസ്റ്റ്. പതിനെട്ടര വർഷം നീണ്ട ശിവരാജ് സിംഗ് ചൗഹാന്റ ഭരണത്തിന് അവസാനം. ആര്‍എസ്എസ് പിന്തുണയില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ നോമിനിയായി മോഹൻ യാദവ് മുഖ്യമന്ത്രി പദത്തിലേക്ക്. ഭോപ്പാലിലെ പാർട്ടി ആസ്ഥാനത്ത് കേന്ദ്ര നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍ ചേർന്ന യോഗത്തിൽ മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് പേര് നിർദേശിച്ചത്.

ദക്ഷിണ ഉജ്ജേെയിനിൽനിന്നും തുടർച്ചയായ മൂന്നാം തവണയും വിജയിച്ച് എംഎൽഎയായ മോഹൻ യാദവ് ശിവരാജ് സിംഗ് ചൗഹാൻ സർക്കാറിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ജഗദീഷ് ദേവ്ഡ, രാജേഷ് ശുക്ല എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ. വലിയ ജനപിന്തുണയുണ്ടായിരുന്ന ശിവരാജ് സിംഗ് ചൗഹാൻ അവസാന നിമിഷം വരെ കരുക്കൾ നീക്കിയെങ്കിലും കേന്ദ്ര നേതൃത്ത്വത്തിന്റെ നിലപാട് ഇവിടെയും നിർണായകമായി. രോഷം മറികടക്കാനാണ് ഒബിസി വിഭാഗത്തിൽനിന്നുതന്നെ പുതുമുഖത്തെ കൊണ്ടുവന്നത്. പ്രമുഖ നേതാക്കളെ തഴഞ്ഞ് നോമിനികളെ താക്കോല്‍ സ്ഥാനങ്ങളിലേക്ക് കൊണ്ടുവരുന്നത് സംസ്ഥാനങ്ങളിലും മോദി ഷാ നേതൃത്ത്വം പിടിമുറുക്കുന്നുവെന്നതിന്റെ സൂചനയാണ്.