‘തെളിവില്ലാതെ ശിക്ഷിക്കപ്പെട്ടു, നാവടക്കാനാവില്ല, മോദിക്കെതിരെ ഇനിയും പ്രതികരിക്കും’; മഹുവ മൊയ്ത്ര
ബിജെപിക്കെതിരെ തുറന്നടിച്ച് മഹുവ മൊയ്ത്ര. ചോദ്യത്തിന് പകരം കോഴ ആരോപണത്തിൽ തെളിവില്ലാതെ ശിക്ഷിക്കപ്പെട്ടു. തനിക്കെതിരായ നടപടി അന്യായം. പുറത്താക്കിയതിലൂടെ തന്‍റെ നാവടക്കാനാവില്ലെന്നും നരേന്ദ്ര മോദിക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും മൊയ്ത്ര.
പാർലമെന്റ് അംഗത്വം നഷ്ടപ്പെട്ടതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് മഹുവ മൊയ്ത്രയുടെ രൂക്ഷ വിമർശനം. പുറത്താക്കാന്‍ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ല. ദർശൻ ഹിര നന്ദനിയുടെ വ്യവസായിക താൽപര്യത്തിനനുസൃതമായി ചോദ്യം ചോദിച്ചെന്നാണ് തനിക്കെതിരായ ആരോപണം. എന്നാൽ കൈക്കൂലി വാങ്ങിയതിന് റിപ്പോർട്ടിൽ തെളിവില്ലെന്നും മഹുവ മൊയ്ത്ര.
പരാതിയും പരാതിക്കാരന്റെ സത്യവാങ്മൂലവും പരസ്പര വിരുദ്ധം. തെളിവില്ലാതെയാണ് തനിക്കെതിരായ നടപടി. അടുത്ത ആറുമാസം സിബിഐയെ ഉപയോഗിച്ച് തന്നെ വേട്ടയാടും. എന്തും നേരിടാൻ തയ്യാർ. പോരാട്ടം തുടരും. അടുത്ത 30 വർഷം സഭയ്ക്ക് അകത്തും പുറത്തും പോരാട്ടം തുടരും. ഇത് ബിജെപിയുടെ അവസാനത്തിന്റെ തുടക്കമെന്നും മഹുവ.
മഹുവയുടേത് ഗുരുതര കുറ്റമാണെന്ന് കണ്ടെത്തിയ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലോക്സഭ ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. തുടർന്ന് തൃണമൂൽ കോൺഗ്രസ് എംപിയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. ഇതോടെ മഹുവ മൊയ്ത്രയ്ക്ക് എംപി സ്ഥാനം നഷ്ടമായിയിരുന്നു.