Kerala

കണ്ണൂരില്‍ കിണറ്റില്‍ നിന്ന് വനംവകുപ്പ് മയക്കുവെടി വച്ച് പുറത്തെത്തിച്ച പുലി ചത്തു

Spread the love

കണ്ണൂര്‍ പെരിങ്ങത്തൂരില്‍ കിണറ്റില്‍ നിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തിയ പുലി ചത്തു. കിണറ്റില്‍ നിന്ന് മയക്കുവെടി വച്ച പിടികൂടിയ പുലിയെ കൂട്ടിലാക്കി അല്‍പസമയത്തിനകമാണ് പുലി ചത്തതായി കണ്ടെത്തിയത്.

വയനാട്ടില്‍ നിന്നുള്ള ഡോക്ടര്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കിണറ്റില്‍ നിന്നും പുലിയെ പുറത്തെത്തിക്കാന്‍ പുലിയെ മയക്കുവെടി വച്ചിരുന്നത്. വല ഉപയോഗിച്ച് പുലിയെ പകുതിയോളം ഉയര്‍ത്തിയ ശേഷമാണ് മയക്കുവെടി വച്ചിരുന്നത്. ഇന്നലെ രാത്രിയോടെയാണ് പുലി കിണറ്റില്‍ വീണിരുന്നത്. പുലിയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും കൂട്ടിലേക്ക് മാറ്റി കുറച്ച് സമയത്തിനുശേഷം തന്നെ പുലിയുടെ ആരോഗ്യസ്ഥിതി മോശമാകുകയും പുലി മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

വനാതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്ററോളം സഞ്ചരിച്ചാണ് പുലി പെരിങ്ങത്തൂരിലെ ജനവാസമേഖലയിലെത്തിയത്. രാത്രിയോടെ വീടിന്റെ കിണറ്റില്‍ വീഴുകയായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് കിണറ്റില്‍ വീണ ഒരു കരടിയെ മയക്കുവെടി വച്ചതോടെ കരടി മുങ്ങിച്ചത്ത സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിന് പിന്നാലെയാണ് ഈ സംഭവവും നടക്കുന്നത്. പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമ മരണകാരണം വ്യക്തമായി അറിയാനാകൂ.