കെഎസ്‌യു പ്രവര്‍ത്തകന്റെ കഴുത്തുഞെരിച്ച സംഭവം; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം
കെഎസ്‌യു പ്രവര്‍ത്തകന്റെ കഴുത്തുഞെരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.കോഴിക്കോട് ഡിസിപി കെ ഇ ബൈജുവിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്.
കഴിഞ്ഞ ദിവസം കോഴിക്കോട് എരഞ്ഞിപ്പാലത്ത്, നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിനെത്തിയപ്പോഴാണ് കെ എസ് യു പ്രവര്‍ത്തകന്‍ ജോയല്‍ ആന്റണിയുടെ കഴുത്തില്‍ ഡിസിപി കെ ഇ ബൈജു ഞെരിച്ചത്. സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് അക്രമസക്തമായി. ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
കെഎസ്‌യു പ്രവര്‍ത്തകരുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ഡിസിപിക്ക് അടുത്ത സിറ്റിംഗില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. സിറ്റി പൊലീസ് കമ്മീഷണര്‍ സംഭവം അന്വേഷിച്ച് 14 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു.