ഗസ്സയിൽ വെടിനിർത്തൽ തുടരുന്നു; സിഐഎ, മൊസാദ് തലവന്മാർ ദോഹയിൽ
ഗസ്സയിൽ വെടിനിർത്തൽ തുടരുന്നു. 12 ബന്ദികളെക്കൂടി ഹമാസ് വിട്ടയച്ചു. 30 പലസ്തീനികളെ ഇസ്രയേൽ മോചിപ്പിച്ചു. വെടിനിർത്തൽ വീണ്ടും നീട്ടുന്നതിനുള്ള ശ്രമങ്ങൾ ഖത്തറിന്റെ മധ്യസ്ഥതയിൽ ഊർജിതമാണ്.
ആദ്യമുണ്ടാക്കിയ നാലുദിന വെടിനിർത്തൽ തിങ്കളാഴ്ച അവസാനിച്ചിരുന്നു. പത്തുവീതം ബന്ദികളെക്കൂടി മോചിപ്പിക്കാമെന്ന ഹമാസിന്റെ ഉറപ്പിലാണ് ഇന്നലെയും ഇന്നുമായി രണ്ടു ദിവസത്തേക്കുകൂടി വെടിനിർത്തൽ നീട്ടിയത്.
മധ്യസ്ഥ ചർച്ചകൾക്കായി ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് മേധാവി ഡേവിഡ് ബാർനിയയും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ തലവൻ വില്യം ബേൺസും ഖത്തർ തലസ്ഥാനമായ ദോഹയിലെത്തി. ഖത്തർ അമീറുമായും പ്രധാനമന്ത്രിയുമായും ഇവർ കൂടിക്കാഴ്ച നടത്തും.
ഹമാസ് ബന്ദികളാക്കിയ വനിതകളെയും അമ്മമാരെയും കുട്ടികളെയുമാണ് ഇതുവരെ മോചിപ്പിച്ചത്. വയോധികർ, വനിതാ സൈനികർ, സൈനികസേവനം ചെയ്യുന്ന സിവിലിയന്മാർ തുടങ്ങിയവരെ അടുത്തഘട്ടത്തിൽ മോചിപ്പിക്കുന്നതിനെക്കുറിച്ചാണ് ചർച്ച നടക്കുന്നതെന്നാണ് റിപ്പോർട്ട്.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15,000 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.