അബിഗേൽ സാറ കാണാമറയത്ത്; 6 വയസുകാരിയെ കാണാതായിട്ട് 14 മണിക്കൂര്‍, തെരച്ചിൽ ഊര്‍ജിതം
കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി വ്യാപക തെരച്ചിൽ നടത്തി പൊലീസും നാട്ടുകാരും. സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉൾപ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിലും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ട ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പാരിപ്പള്ളിയിലെ കടയിലെത്തിയ ആളുടെ രേഖ ചിത്രമാണ് പുറത്തുവിട്ടത്. തട്ടിക്കൊണ്ടുപോകുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു.
ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് 6 വയസുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് സംഘം ഫോണും വിളിച്ചിരുന്നു. രാവിലെ 10 മണിക്കകം പണം തയ്യാറാക്കി വയ്ക്കണമെന്നായിരുന്നു നിർദേശം. പാരിപ്പള്ളിയിലെ ഒരു കടയിലെത്തിയ സംഘം കടയുടമയുടെ ഫോൺ വാങ്ങിയാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.