Kerala

സ്‌കൂൾ കുട്ടികളെ നവകേരള സദസിൽ എത്തിക്കണമെന്ന നിർദേശം; ഹൈക്കോടതിയിൽ ഹർജി നൽകാൻ കെ.എസ്.യു

Spread the love

നവ കേരള സദസ്സിന്റെ വാഹനം സഞ്ചരിച്ച വഴിയിൽ സ്കൂൾ കുട്ടികളെ മുദ്രാവാക്യം വിളിപ്പിച്ചതടക്കം ചൂണ്ടി കാട്ടിയാണ് ഹർജി. തിരുവനന്തപുരത്ത് നവകേരള സദസിന് അഭിവാദ്യം അർപ്പിച്ച് ബോർഡ് സ്ഥാപിക്കാൻ സ്കൂൾ അധികൃതർക്ക് നിർദേശം ലഭിച്ചന്നും കെ എസ് യു ആരോപിച്ചു.

ഓരോ സ്‌കൂളില്‍ നിന്നും 200 കുട്ടികളെ എങ്കിലും നവകേരള സദസില്‍ എത്തിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാന്‍ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയത്.

നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന നിർദേശം വിവാദമായതോടെ വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ രം​ഗത്തെത്തിയിരുന്നു. നവകേരള സദസിൽ നിർബന്ധമായും കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡിഇഒ പറഞ്ഞു. നവകേരള സദസ് കുട്ടികൾക്ക് ഒരു അനുഭവമായിരിക്കും. പഠനത്തിന്റെ ഭാ​ഗമായി അവരെ പങ്കെടുപ്പിക്കണമെന്ന നിർദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തത് എന്നുമായിരുന്നു വിശദീകരണം.

സ്കൂൾ കുട്ടികളെ നവകേരള സദസിനായി ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകാൻ കെഎസ് യു. തെളിവുകൾ സഹിതം ഇന്ന് കോടതിയിൽ ഹർജി നൽകുമെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസ് അറിയിച്ചു.