കാനറികളുടെ ചിറകരിഞ്ഞ് അർജന്റീന; മരക്കാനയിലും നാണംകെട്ട് ബ്രസീല്‍
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കാനറികളുടെ ചിറകരിഞ്ഞ് അർജന്റീന. 63-ാം മിനിറ്റിൽ നിക്കോളാസ് ഓട്ടമൻഡി നേടിയ തകർപ്പൻ ഗോളിലാണ് അർജന്റീനയുടെ വിജയം. ബ്രസീലിന്‍റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ യുറുഗ്വെയോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു.
നിലവിൽ ബ്രസീൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. അതേസമയം യുറുഗ്വെയോട് തോറ്റ അര്‍ജന്‍റീന ബ്രസീലിനെതിരായ മത്സരത്തോടെ വിജയവഴിയില്‍ തിരിച്ചെത്തി.
81-ാം മിനിറ്റിൽ ജോലിൻടൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ബ്രസീൽ 10 പേരുമായാണ് കളിച്ചത്. അർജന്റീന മധ്യനിരക്കാരൻ ഡി പോളിനെ ഫൗൾ ചെയ്തതിനാണ് ജോലിൻടണ് ചുവപ്പുകാർഡ് കിട്ടിയത്. മെസ്സി 78 മിനിറ്റോളം അർജന്റീനക്കായി കളത്തിലുണ്ടായിരുന്നു.
അതേസമയം കളി തുടങ്ങുന്നതിന് ഗാലറിയിൽ ബ്രസീൽ അർജന്റീന കാണികൾ ഏറ്റുമുട്ടിയതിനെ തുടർന്ന് മത്സരം വൈകിയാണ് തുടങ്ങിയത്. കാണികൾ തമ്മിലടിച്ചതോടെ മെസ്സിയും സംഘവും ഗ്രൗണ്ടിൽനിന്ന് മടങ്ങിയിരുന്നു. അർജന്റീന ആരാധകർക്കെതിരെ പൊലീസ് നടത്തിയ ലാത്തി ചാർജിൽ നിരവധിപേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.