Kerala

‘കേരളജനതയാകെ നവകേരളസദസിലെത്തും, നേരിട്ട് കാണാൻ താത്പര്യമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവിന് സ്വാഗതം’; മന്ത്രി എം ബി രാജേഷ്

Spread the love

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി എം ബി രാജേഷ്. നവകേരള സദസിന് ലഭിക്കുന്ന വർധിച്ച പിന്തുണയിൽ പ്രതിപക്ഷത്തിനുള്ള അങ്കലാപ്പ് പലവിധത്തിൽ പുറത്തുവരുന്നതാണ്. കുടുംബശ്രീ പ്രവർത്തകരും ലൈഫ് ഗുണഭോക്താക്കളുമടക്കം കേരളജനതയാകെ കൂട്ടത്തോടെ നവകേരളസദസിലെത്തും. ഇത് നേരിട്ട് കാണാൻ താത്പര്യമുണ്ടെങ്കിൽ ഏത് സ്വീകരണ കേന്ദ്രത്തിലേക്കും പ്രതിപക്ഷനേതാവിന് സ്വാഗതമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കേരളത്തിന് അർഹമായ പണം തടഞ്ഞുവെച്ച കേന്ദ്രസർക്കാരിനെതിരെ ഒരു വാക്ക് പ്രതിപക്ഷ നേതാവ് ഇതുവരെ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്ന് എം ബി രാജേഷ്‌ ചോദിച്ചു. ഏതൊരു കേരളീയനും തോന്നുന്ന സ്വാഭാവിക പ്രതിഷേധം പോലും തോന്നാത്ത നിലയിൽ അദ്ദേഹം മാറിപ്പോയെന്നും, അധികാരത്തിലെത്തിയാൽ ലൈഫ് പദ്ധതി പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചവരും, കുടുംബശ്രീയെ തകർക്കാൻ ജനശ്രീ കൊണ്ടുവന്നവരും ഇപ്പോള്‍ കുടുംബശ്രീയെയും ലൈഫിനെയും കുറിച്ച് കണ്ണീർവാർക്കുന്നതിന് പിന്നിലെ കുടിലത കേരളം തിരിച്ചറിയുമെന്നതിൽ സംശയമില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എം ബി രാജേഷ് പറയുന്നു.