Sports

സ്കൂൾ പുസ്തകത്തിന്റെ ഭാഗമായി രോഹിത് ശർമയുടെ ജീവചരിത്രം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Spread the love

ഇന്ത്യൻ നായകൻ രോഹിത്ത് ശർമയുടെ ജീവചരിത്രം ഉള്‍ക്കൊള്ളിച്ചുള്ള സ്കൂള്‍ പാഠപുസ്തകത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ലെ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യൻ ക്യാപ്റ്റനെക്കുറിച്ചുള്ള പാഠപുസ്തകത്തിന്റെ ചിത്രമാണ് വൈറലാകുന്നത്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ജനറല്‍ നോളേജ് പാഠപുസ്തകത്തിലാണ് ഈ പാഠഭാഗമുള്ളതെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. പ്രശസ്ത സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ മുഫദല്‍ വൊഹ്റയാണ് ഈ ചിത്രം ആദ്യം എക്സിലൂടെ ഇന്ത്യൻ ആരാധകര്‍ക്കായി പങ്കുവച്ചത്.

രോഹിത്തിന്റെ ജീവചരിത്രം സംക്ഷിപ്തവും ലഘുവായും വിവരിക്കുന്നതാണ് ഈ പുസ്തകം. ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രതിഭാധനനായ യുവബാറ്റര്‍മാരില്‍ ഒരാളാണ് രോഹിത്തെന്നും, താരത്തിന്റെ കുട്ടിക്കാലവും വളര്‍ന്നു വന്ന സാഹചര്യങ്ങളുമെല്ലാം പരിചയപ്പെടുത്തുന്നുമുണ്ട് ബുക്കില്‍. ഇംഗ്ലീഷിലുളള പാഠഭാഗമാണിത്.

നാഗ്പൂരിലെ ബൻസോദില്‍ 1987 ഏപ്രില്‍ 30ന് ജനിച്ച രോഹിത്ത് തുടക്കകാലത്ത് ഓഫ് സ്പിന്നറായാണ് കളി തുടങ്ങിയത്. എന്നാല്‍, ദിനേഷ് ലാഡ് എന്ന കോച്ചാണ് താരത്തില്‍ നല്ലൊരു ബാറ്റര്‍ ഒളിഞ്ഞു കിടപ്പുണ്ടെന്ന് തിരിച്ചറിഞ്ഞതും, അതിലേക്ക് അദ്ദേഹത്തെ തിരിച്ചുവിട്ടതും. സ്കൂളില്‍ ഫീസടയ്ക്കാൻ മാതാപിതാക്കള്‍ ബുദ്ധിമുട്ടിയിരുന്നപ്പോള്‍, ക്രിക്കറ്റിലെ മികവ് പരിഗണിച്ച്‌ സ്കൂള്‍ അധികൃതര്‍ അദ്ദേഹത്തിന് സ്കോളര്‍ഷിപ്പ് നല്‍കിയിരുന്നു.