Sunday, November 24, 2024
Latest:
Kerala

വിവാദങ്ങള്‍ക്കിടെ നവകേരള സദസിന് നാളെ കാസര്‍ഗോഡ് തുടക്കം

Spread the love

സംസ്ഥാന സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനായുള്ള നവ കേരള സദസിന് നാളെ തുടക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെ പരിപാടികള്‍ ഇന്നത്തോടെ പൂര്‍ത്തിയാക്കി കാസര്‍ഗോഡേക്ക് തിരിക്കും. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനായി പ്രത്യേകം തയ്യാറാക്കിയ ബസ് കാസര്‍ഗോഡേക്ക് എത്തും.

ലോകസഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട് മന്ത്രിപ്പടയുടെ മണ്ഡല പര്യടനത്തിന്. ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്ന നവകേരള സദസ്സിനാണ് നാളെ കാസര്‍ഗോഡ് തുടക്കമാവുക. നാളെ വൈകുന്നേരം 3.30 ന് മഞ്ചേശ്വരം പൈവെളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. 140 നിയോജകമണ്ഡലങ്ങളിലും നവ കേരള സദസ് സംഘടിപ്പിക്കും. വിവാദങ്ങള്‍ക്കിടെ നടത്തുന്ന നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും സംസ്ഥാനമൊട്ടാകെ സഞ്ചരിക്കും. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മന്ത്രിമാര്‍ നേരിട്ട് ജനങ്ങളോട് വിശദീകരിക്കും. മുഖ്യമന്ത്രിക്ക് മന്ത്രിമാര്‍ക്കും സഞ്ചരിക്കാനായി തയ്യാറാക്കിയ ആഡംബര ബസ് നേരിട്ട് കാസര്‍ഗോഡേക്ക് എത്തും.

സര്‍ക്കാരിന്റെ പി.ആര്‍ പരിപാടിയാണ് നവകേരളസദസ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സര്‍ക്കാര്‍ ചെലവില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണെന്ന പ്രതിപക്ഷ ആരോപണം ബിജെപിയും ഏറ്റെടുത്തിട്ടുണ്ട്. ആഡംബര ബസും, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള പണപ്പിരിവും, സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായ പങ്കെടുക്കണമെന്ന ഉത്തരവും ഉള്‍പ്പെടെ നവകേരള സദസിനെ ചൊല്ലി വിവാദങ്ങളും ഏറെയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളീയത്തിന് പിന്നാലെയുള്ള നവകേരള സദസ്സ് ധൂര്‍ത്തെന്ന ആരോപണവും ശക്തമാണ്. ഡിസംബര്‍ 24 ന് തിരുവനന്തപുരത്താണ് പരിപാടി സമാപിക്കുക.