സുരേഷ് ഗോപിയെ താറടിക്കാന്‍ പറ്റില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം; അദ്ദേഹത്തെ പറ്റി ആര്‍ക്കും മോശം അഭിപ്രായമില്ല; വി മുരളീധരൻ
സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യലിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. സുരേഷ് ഗോപി സ്ത്രീകളെ അപമാനിച്ചു എന്ന് പറഞ്ഞ് കേസെടുക്കുന്നവര്‍ ജനങ്ങളുടെ അഭിപ്രായം കൂടി കേള്‍ക്കണം.ജനങ്ങള്‍ക്ക് ആര്‍ക്കും സുരേഷ് ഗോപിയെക്കുറിച്ച് ഒരു മോശം അഭിപ്രായമുണ്ടാകാന്‍ സാധ്യതയില്ല.
സുരേഷ് ഗോപി അപമാനിച്ചു എന്ന കേസ് അദ്ദേഹത്തെ താറടിച്ച് കാണിക്കാനാണ്. ഇതുകൊണ്ടൊന്നും സുരേഷ് ഗോപിയെ താറടിക്കാന്‍ പറ്റില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം.കോടതി ഈ കേസ് എടുത്ത് ദൂരെ കളയാനാണ് സാധ്യതയെന്നും വി മുരളീധരൻ വ്യക്തമാക്കി.
സുരേഷ് ഗോപിയ്ക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ തുടർച്ചയായുള്ള വേട്ടയാടലിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. പിണറായി സർക്കാർ ആയിരം ജന്മമെടുത്താലും സുരേഷ് ഗോപിയുടെ രോമത്തിൽ പോലും സ്പർശിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
അഴിമതിക്കും അനീതിക്കുമെതിരെ സുരേഷ് ഗോപി ശബ്ദമുയർത്താൻ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ ഏത് വിധേനയും തകർക്കാനുള്ള ശ്രമങ്ങൾ പിണറായി സർക്കാർ തുടങ്ങിയത്. കേരളത്തിലെ സാധാരണക്കാരെ അണിനിരത്തി ഈ രാഷ്ട്രീയ വേട്ടയാടലിനെ ഞങ്ങൾ നേരിടും.
പൊതു സമൂഹത്തിന്റെ മുഴുവൻ പിന്തുണയോട് കൂടിയും സുരേഷ് ഗോപിയ്ക്കെതിരായി നടക്കുന്ന രാഷ്ട്രീയവേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.