നവ കേരള സദസിന്റെ വേദി മുൻകൂട്ടി നിശ്ചയിച്ചത്, സർക്കാരിന്റെ പരിപാടി പൊളിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം; മന്ത്രി മുഹമ്മദ് റിയാസ്
കോൺഗ്രസിന്റെ പലസ്തീൻ റാലിക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. നവ കേരള സദസിന്റെ വേദി മുൻകൂട്ടി നിശ്ചയിച്ചതാണെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്. പലസ്തീൻ വിഷയത്തിലെ ജാള്യത മറക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതിനാലാണ് സിപിഐഎമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു.
സർക്കാരിന്റെ പരിപാടി പൊളിക്കുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. സിപിഐഎം പലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിച്ചത് ഉൾപ്പടെ വേറെ ഇഷ്ടംപോലെ വേദികൾ കോഴിക്കോടുണ്ടല്ലോയെന്നും ഇത് ജാള്യത മറക്കാൻ വേണ്ടി മാത്രമാണെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കുന്നു.
Read Also: പാർട്ടി തീരുമാനം പോകണമെന്നാണെങ്കിൽ പോകും; സിപിഐഎം പലസ്തീൻ റാലിയിൽ പങ്കെടുക്കുന്നതിൽ ഇ.ടി മുഹമ്മദ് ബഷീർ
കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത് ജനാതിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ. മുളീധരൻ പ്രതികരിച്ചു. മോഡിയുടെ പകർപ്പാണ് പിണറായിഎന്ന് ഈ നീക്കത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്. കോൺഗ്രസ് ഇരട്ടത്താപ്പ് എന്നൊക്കെ പറഞ്ഞത് ഇപ്പോൾ വെറുതെ ആയി. മുഖ്യമന്ത്രിയുടെ സ്നേഹം പലസ്തീൻ ജനതയോട് അല്ല, പിണറായിയുടെ മനസ് ഇസ്രയേലിന് ഒപ്പമാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ മാസം 23 ന് കോഴിക്കോട് ബീച്ചിൽ ആണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. കോഴിക്കോട് ജില്ലാ കളക്ടർ ആണ് അനുമതി നിഷേധിച്ചത്. നവകേരള സദസ്സ് നടക്കുന്നതിനാൽ അനുമതി നൽകാൻ ആകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതായി DCC പ്രസിഡൻ്റ് അഡ്വ. K. പ്രവീൺകുമാർ വ്യക്തമാക്കുന്നു.
റാലി ശക്തി പ്രകടനമാക്കാനാണ് കോഴിക്കോട് ഡിസിസിയുടെ തീരുമാനം. കോൺഗ്രസ് പലസ്തീനൊപ്പമല്ലെന്നും ഐക്യദാർഢ്യ റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി സ്വീകരിക്കുകയാണെന്നുമുളള ആരോപണം സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇത്തരം ആരോപണങ്ങളെ മറികടക്കാനാണ് കോൺഗ്രസിന്റെ നീക്കം.