മുകേഷ് അംബാനിക്ക് വധഭീഷണി എത്തിയത് പാക് ക്രിക്കറ്റ് താരത്തിൻ്റെ പേരിൽ
മുകേഷ് അംബാനിക്കെതിരായ വധഭീഷണി എത്തിയത് പാകിസ്താൻ ക്രിക്കറ്റ് താരം ഷദാബ് ഖാൻ്റെ പേരിലെന്ന് മുംബൈ ക്രൈം ബ്രാഞ്ച്. പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന ലോകകപ്പ് മത്സരത്തിനിടെയാണ് shadabkhan@mailfence എന്ന മെയിൽ ഐഡി ഉണ്ടാക്കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസിൽ പിടിയിലായ രാജ്വീർ ഖൺട് പൊലീസ് കസ്റ്റഡിയിലാണ്.
ഒക്ടോബർ 27നാണ് മുകേഷ് അംബാനിയ്ക്ക് വധഭീഷണി സന്ദേശം എത്തിയത്. 20 കോടി രൂപ നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഇമെയിലിൽ സന്ദേശം ലഭിച്ചിരുന്നു. “നിങ്ങൾ ഞങ്ങൾക്ക് 20 കോടി രൂപ നൽകിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങളുടെ പക്കലുണ്ട്.”– ഇമെയിൽ സന്ദേശത്തിൽ പറയുന്നു. പിന്നീട് രണ്ട് ഭീഷണി ഇമെയിൽ കൂടി അംബാനിക്ക് ലഭിച്ചു.
മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ നൽകിയ പരാതിൽ മുംബൈയിലെ ഗാംദേവി പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. ഐപിസി സെക്ഷൻ 387, 506 (2) പ്രകാരമാണ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച ഗാന്ധിനഗറിലെ കലോലിൽ നിന്ന് രാജ്വീർ പിടിയിലായത്. മൂന്നാം വർഷം ബികോം വിദ്യാർത്ഥിയാണ് രാജ്വീർ. 27ന് ആദ്യ മെയിലയച്ച രാജ്വീർ അടുത്ത ഇമെയിലിൽ 200 കോടിയും മൂന്നാമത്തെ ഇമെയിലിൽ 400 കോടിയും ആവശ്യപ്പെട്ടു.
രാജ്വീറിനൊപ്പം ഗണേഷ് രമേശ് വനപർഥി എന്ന മറ്റൊരാൾ കൂടി അംബാനിയ്ക്ക് ഭീഷണി സന്ദേശമയച്ച മറ്റൊരു കേസിൽ പിടിയിലായിട്ടുണ്ട്. തെലങ്കാനയിലെ വാറങ്കൽ സ്വദേശിയായ ഗണേഷ് 500 കോടി രൂപ ആവശ്യപ്പെട്ടാണ് മെയിൽ അയച്ചത്. 19 വയസുകാരനായ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് ഗണേഷ്. മുകേഷ് അംബാനിക്ക് 400 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചെന്ന വാർത്ത കണ്ടാണ് ഗണേഷ് മെയിൽ അയച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളും കസ്റ്റഡിയിലാണ്.
ഇതാദ്യമായല്ല മുകേഷ് അംബാനിക്കുനേരെ വധഭീഷണിയുണ്ടാകുന്നത്. മുകേഷ് അംബാനിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ സ്ഫോടനം നടത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിഹാറിലെ ദർബംഗ സ്വദേശിയായ രാകേഷ് കുമാർ മിശ്ര എന്നയാൾ കഴിഞ്ഞ വർഷം അറസ്റ്റിലായിരുന്നു.