Tuesday, January 14, 2025
Kerala

കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് ആലുവയിലെ കുട്ടിയുടെ കുടുംബം; വധശിക്ഷ വേണമെന്നാവർത്തിച്ച് മാതാവ്

Spread the love

ആലുവയിലെ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസ്ഫാക്ക് ആലം കുറ്റക്കാരനെന്ന് വിധിച്ച കോടതി നടപടിയിൽ പ്രതികരിച്ച് കുട്ടിയുടെ കുടുംബം. ഒപ്പം നിന്നവർക്ക് കുട്ടിയുടെ കുടുംബം നന്ദി പറഞ്ഞു. എല്ലാ കുറ്റങ്ങളും ശരിവച്ച കോടതി വിധി സ്വാഗതാർഹമാണെന്ന് കുടുംബം പ്രതികരിച്ചു

പ്രതി അസഫാക്ക് ആലത്തിന് വധശിക്ഷ വിധിക്കണമെന്നും കുറ്റം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ അത്തരം അവസ്ഥയില്ലെന്നും പരമാവധി ശിക്ഷയാണ് പ്രതിക്ക് നൽകേണ്ടതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇതോടെ പ്രതിയുടെ ജയിലിലെ സ്വഭാവ റിപ്പോർട്ട് അടക്കം മൂന്ന് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ കോടതി ഉത്തരവിട്ടിട്ടു. പ്രതിക്ക് കൗൺസിലിങ് നടത്തണമെന്നും കോടതി പറഞ്ഞു.

പ്രതി ബിഹാർ സ്വദേശി അസഫാക്ക് ആലത്തിന് മേൽ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാവിധി വ്യാഴാഴ്ച എറണാകുളം പോക്സോ കോടതി വിധിക്കും. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ പൂർത്തിയാക്കിയത്.

ജൂലൈ 28 നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടാകുന്നത്. ആലുവയിൽ അതിഥി തൊഴിലാളികളുടെ മകളായ പിഞ്ചുബാലികയെ ക്രൂര ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 30 ദിവസത്തിനുള്ളിൽ കുറ്റപത്രം വന്നു. ഒക്ടോബർ 4ന് തുടങ്ങിയ വിചാരണ 26 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി മിന്നൽ വേഗത്തിൽ വിധി പറയുന്നത്.