Tuesday, November 5, 2024
Kerala

വിജയശതമാനം അഭിമാന പ്രശ്നമാവരുത്; വിദ്യാർത്ഥികളുടെ ഭാവിയ്ക്കാവണം മുന്‍തൂക്കം: വി മുരളീധരൻ

Spread the love

സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ നിലവാരമുയര്‍ത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാകണം എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. വിജയശതമാനം മാത്രമാകരുത് സർക്കാരുകളുടെ അഭിമാന പ്രശ്നം. മികച്ച ഭാവി കുട്ടികൾക്ക് ഉറപ്പ് വരുത്താനാകണമെന്നും വി മുരളീധരൻ പറഞ്ഞു. മുരുക്കുംപുഴയിൽ
സെൻ്റ് അഗസ്റ്റ്യൻസ് സ്കൂൾ ശതാബ്ദി ആഘോഷവും പൂർവ വിദ്യാർത്ഥി സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ഇന്ത്യയുടെ വിജ്ഞാന സംവിധാനത്തിലൂന്നി ആഗോള പൗരന്‍മാരെ സൃഷ്ടിക്കുക എന്നതാണ് കേന്ദ്ര സർക്കാരിൻ്റെ ലക്ഷ്യം. ബാല്യകാല പരിചരണവും വിദ്യാഭ്യാസവും (Early Childhood Care and Education – ECCE) ഔപചാരിക സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി സംയോജിപ്പിച്ചിരിക്കുന്നത് ഇത് മുന്നിൽ കണ്ടാണ്. എല്ലാ കുട്ടികള്‍ക്കും തുല്യ അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നതാണ് നരേന്ദ്രമോദി സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ നയമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഗുണനിലവാരമുള്ളതും തൊഴിലധിഷ്ഠിതവും, മൂല്യാധിഷ്ഠിതവുമായ സ്കൂള്‍ വിദ്യാഭ്യാസം ഉറപ്പുവരുത്തിയാണ് കേന്ദ്രം മുന്നോട്ട് പോകുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒപ്പം തന്നെ പൂർവ വിദ്യാർത്ഥി കൂട്ടായ്മകൾക്കും വിദ്യാലയങ്ങളുടെ വീണ്ടെടുപ്പിൽ വലിയ സംഭാവനകൾ ചെയ്യാനാകുമെന്നും വി മുരളീധരൻ അഭിപ്രായപ്പെട്ടു.