National

വനിതാ കോൺസ്റ്റബിളിനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; ജെഡിയു നേതാവ് അറസ്റ്റിൽ

Spread the love

വനിതാ കോൺസ്റ്റബിളിനെ ജീവനോടെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ജെഡിയു നേതാവിൻ്റെ ശ്രമം. ബിഹാറിലെ സഹർസയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആരോപണവിധേയനായ ജെഡിയു നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

നവംബർ ഒന്നിന് രാത്രി പൊലീസ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെ ചിലരെ പൊലീസ് തടയാൻ ശ്രമിച്ചു. എന്നാൽ പൊലീസ് പരിശോധനയിൽ നിന്ന് ബാരിക്കേഡ് തകർത്ത് ഇവർ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി ഇവരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പ്രതികളെ ജെഡിയു നേതാവ് ചുന്ന മുഖിയ ഒളിപ്പിച്ചിരിക്കുകയാണെന്ന വിവരത്തെ തുടർന്ന് പൊലീസ് ഇയാളുടെ വീട്ടിലെത്തി. പൊലീസിനെ കണ്ടയുടൻ മുഖിയയും അനുയായികളും ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് മുഖിയ ഒരു ബക്കറ്റ് നിറയെ പെട്രോൾ എടുത്ത് വനിതാ കോൺസ്റ്റബിളിന് നേരെ ഒഴിച്ചു.

തീപ്പെട്ടി എടുക്കാൻ ഭാര്യയോട് ആവശ്യപ്പെടുകയും കോൺസ്റ്റബിളിനെ തീകൊളുത്താനും ശ്രമിക്കുകയായിരുന്നു. പൊലീസ് സാഹസികമായി ജെഡിയു നേതാവിനെ പിടികൂടി അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന.