കളമശ്ശേരി സ്ഫോടനക്കേസിൽ തിരിച്ചറിയൽ പരേഡിനുള്ള പട്ടിക തയ്യാറാക്കും
കളമശ്ശേരി സ്ഫോടനക്കേസിൽ തിരിച്ചറിയൽ പരേഡിനുള്ള പട്ടിക പൊലീസ് തയ്യാറാക്കും. അന്തിമപട്ടിക ആയതിനു ശേഷമാകും തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കുക.
പ്രതി ഡൊമിനിക് മാർട്ടിന്റെ മൊബൈൽ ഫോൺ പൊലീസ് വിശദമായി പരിശോധിക്കും. മാർട്ടിൻ സ്ഫോടന ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്ന് അറിയുന്നതിനാണ് ഇത്. സംഭവസ്ഥലത്ത് മാർട്ടിനെ കണ്ടവർ ഉണ്ടെങ്കിൽ അറിയിക്കണം എന്നാണ് യഹോവ സാക്ഷികളുടെ കൺവെൻഷനിൽ പങ്കെടുത്തവർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവരിൽ ചിലർ മാർട്ടിനെ കണ്ട വിവരവും പോലീസിനെ അറിയിച്ചിട്ടുണ്ട്.
കളമശ്ശേരി സ്ഫോടനത്തിൽ പ്രതി ഡൊമിനിക് മാർട്ടിൻ കുറ്റം ചെയ്തത് ഒറ്റയ്ക്കെന്നാണ് റിമാൻഡ് റിപ്പോർട്ട്. കേസ് അതീവ ഗൗരവമുള്ളത്. മാർട്ടിൻ അതീവ ബുദ്ധിശാലിയും കഠിനാധ്വാനിയും. പ്രതിയെ മറ്റാരും ബ്രയിൻവാഷ് ചെയ്തിട്ടില്ല. മാർട്ടിൻ തന്നെയാണ് ബോംബ് നിർമ്മിച്ചതെന്ന കാര്യത്തിൽ സംശയമില്ല. സ്ഫോടനം നടത്തിയത് ആസൂത്രിതമായെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ചോദ്യം ചെയ്യലിനോട് പൂർണ്ണമായും സഹകരിച്ച കൂസലില്ലാതെയാണ് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്. പ്രായം 58 ആയെന്നും ഇനിയൊന്നും നോക്കാനില്ലെന്നും പ്രതി പറഞ്ഞു. കേസ് സ്വയം വാദിക്കുമെന്നും മാർട്ടിൻ പറഞ്ഞു. മാർട്ടിന്റെ ഫോൺ സംഭാഷണങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിനു ശേഷവും മുൻപും മാർട്ടിൻ ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചു. സൈബർ വിദഗ്ധരുടെ സഹായത്തോടെയാണ് വിവരശേഖരണം.
കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും. എറണാകുളം സിജെഎം കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. മജിസ്ട്രേറ്റ് കോടതിയുടെ മേൽ നോട്ടത്തിലായിരിക്കും പ്രതിയെ കൊണ്ടുള്ള തിരിച്ചറിയൽ പരേഡ് നടത്തുക.
അപകട സമയം കൺവെൻഷനിൽ പങ്കെടുത്തവരെ എത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്തും. അതിനുശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നവംബർ 29 വരെയാണ് മാർട്ടിന്റെ റിമാൻഡ് കാലാവധി. ഈ സമയം കൊണ്ട് കൂടുതൽ തെളിവുകളും സാക്ഷി മൊഴികളും കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.