ഗസ്സയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രായേൽ ബോംബാക്രമണം
ഗസ്സയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രായേൽ ബോംബാക്രമണം. ആക്രമണത്തിൽ കെട്ടിടങ്ങൾ പൂർണമായും തകർന്നു. നൂറു കണക്കിനുപേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ നടന്ന ആക്രമണത്തിൽ അമ്പതിലേറെപ്പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇന്നലത്തെ ആക്രമണത്തിൽ പരുക്കേറ്റ നിരവധി പലസ്തീനികളെയും വിദേശികളേയും റഫ ഇടനാഴി വഴി ഈജിപ്തിലെ ആശുപത്രികളിലെത്തിച്ചുകൊണ്ടിരിക്കെയാണ് ഇസ്രയേൽ വീണ്ടും വ്യോമാക്രമണം നടത്തിയത്.
ഇന്നലെയുണ്ടായ ജബലിയ അഭയാർത്ഥി ക്യാമ്പ് ആക്രമണത്തെ ഖത്തർ അപലപിച്ചിരുന്നു. ബൊളിവിയ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും കൊളംബിയയും ചിലിയും തങ്ങളുടെ സ്ഥാനപതികളെ ഇസ്രായേലിൽ നിന്നും തിരിച്ചുവിളിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇസ്രായേൽ വീണ്ടും ജബലിയ ക്യാമ്പിനുനേരെ ആക്രമണം നടത്തിയിരിക്കുന്നത്. ഗസ്സയിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാനിയൻ വിദേശകാര്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ വെള്ളിയാഴ്ച ഇസ്രയേൽ സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേലിലേക്കുള്ള ആന്റണി ബ്ലിങ്കന്റെ രണ്ടാമത്തെ സന്ദർശനമാണിത്. ഗസ്സയിൽ ഇന്റർനെറ്റും കമ്യൂണിക്കേഷൻ സംവിധാനങ്ങളും വീണ്ടും വിച്ഛേദിപ്പെട്ടതായി പലസ്തീനിയൻ ടെലികമ്യൂണിക്കേഷൻസ് കമ്പനി പാൽടെൽ വ്യക്തമാക്കിയിട്ടുണ്ട്.