ശബരിമല സീസണില്‍ അമിതവില ഈടാക്കിയാല്‍ കടുത്ത നടപടി; ഹോട്ടലുകള്‍ക്കും കടകള്‍ക്കും നിര്‍ദേശം
ശബരിമല തീര്‍ത്ഥാടനകാലത്ത് സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി ജി ആര് അനില്‍. കോട്ടയത്ത് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
സന്നിധാനത്തും പമ്പയിലും സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ കര്‍ശന നടപടികളാണ് ഇക്കുറി സ്വീകരിച്ചിരിക്കുന്നത്. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഭക്ഷണ സാധനങ്ങളുടെ വില മുന്‍കൂട്ടി നിശ്ചയിച്ചു പ്രദര്‍ശിപ്പിക്കും. ഇത് അഞ്ച് ഭാഷകളില്‍ ലഭ്യമാക്കും. വിലവിവരപ്പട്ടികയ്ക്കൊപ്പം ആ പ്രദേശത്ത് ചുമതലയുള്ളതോ സ്ക്വാഡില്‍ ഉള്ളതോ ആയ ഭക്ഷ്യസുരക്ഷ, ലീഗല്‍ മെട്രോളജി, ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പേരും ഫോണ്‍നമ്പരും പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
പഴകിയ ഭക്ഷണമോ സാധനങ്ങളോ വില്പനക്ക് എത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രത്യേക സ്ക്വഡും പ്രവര്‍ത്തിക്കും. ഭക്ഷണ സാധനങ്ങളുടെ വിലയില്‍ വര്‍ധനവ് വേണമെന്ന് ഹോട്ടല്‍ ഉടമകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ 30നു ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും. കോട്ടയം കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.