Kerala

മന്ത്രി സജി ചെറിയാൻ വിനായകനെ പിന്തുണയ്ക്കുന്നത് ഇടതു സഹയാത്രികനായതിനാൽ; രമേശ് ചെന്നിത്തല

Spread the love

വിനായകൻ്റെത് കലാ പ്രകടനം എന്ന സജി ചെറിയാൻ്റെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും മദ്യപിച്ച് സ്റ്റേഷനിൽ ബഹളം ഉണ്ടാക്കിയത് നാട്ടുകാർ കണ്ടതാണെന്നും കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രി പിന്തുണയ്ക്കുന്നത് ഇടതു സഹയാത്രികനായതിനാലാണ്. ഒരു സാംസ്‌കാരിക മന്ത്രിക്ക് ചേർന്നതല്ല ഇതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

വിനായകൻ നല്ല നടനാണ്. എന്നാൽ പൊലീസ് സ്റ്റേഷനിൽ എത്തി അലമ്പ് കാണിച്ചാൽ കേസെടുക്കണം. എല്ലാവരും പൊലീസ് സ്റ്റേഷനിൽ എത്തി കലാപക്രടനം നടത്തിയാൽ നാടിന്റെ സ്ഥിതി എന്താകും. ഉമ്മൻചാണ്ടിയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അപമാനിച്ച വ്യക്തിയാണ് വിനായകൻ. അന്ന് കേസ് കൊടുക്കാതിരുന്നത് കുടുംബത്തിന്റെ മാന്യതയാണ്. പോലീസ് സ്റ്റേഷനിൽ ചെന്ന് എന്തും ചെയ്യാം എന്നതിന്റെ ലൈസൻസ് ആണ് മന്ത്രി സജി ചെറിയാൻ നൽകിയതെന്നും ചെന്നിത്തല വിമർശിച്ചു.

വിനായകന്റെ പ്രവൃത്തി ഒരു കലാപ്രവര്‍ത്തനമായി മാത്രം കണ്ടാല്‍ മതിയെന്നായിരുന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രതികരണം. വിനായകന്‍ ഒരു കാകാരന്‍ അല്ലേ, ഇത് ഒരു കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതി. കലാകാരന്മാര്‍ക്ക് ഇടയ്ക്കിടെ കലാപ്രവര്‍ത്തനം വരും. അത് പൊലീസ് സ്റ്റേഷനായി പോയെന്നേയുള്ളൂ, നമ്മള്‍ അതില്‍ സങ്കടപ്പെട്ടിട്ട് കാര്യമില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

അതേസമയം വിനായകന് പോലീസ് നടപടിയില്‍ പരാതിയുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും വ്യക്തമാക്കി. പൊലീസ് സ്റ്റേഷനില്‍ എല്ലാവരും മാന്യമായി പെരുമാറണമെന്നും ഇ പി പറഞ്ഞു. അതിനിടെ നടന്‍ വിനായകനെ ഉമ തോമസ് ജാതീയമായി അധിക്ഷേപിച്ചു എന്ന് കാട്ടി എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ പരാതിയും ലഭിച്ചു. പഞ്ചായത്ത് മെമ്പറും പൊതുപ്രവര്‍ത്തകനുമായ കെറ്റി ഗ്ലിറ്ററാണ് പരാതി നല്‍കിയത്.

വിനായകന്‍ വിഷയത്തില്‍ തെറ്റോ ശരിയോ എന്നുള്ളത് പോലീസുകാരുടെ അധിപനായ പിണറായി വിജയന്‍ തീരുമാനിക്കട്ടെ എന്ന് ഉമാ തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. പലര്‍ക്കും പല രീതിയിലുള്ള നീതിയാണ് ഇവിടെ ലഭിക്കുന്നത് എന്നും ഉമാ തോമസ് കുറ്റപ്പെടുത്തി.തനിക്കെതിരെ മുന്‍പും സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ട് പരാതി നല്‍കിയപ്പോള്‍ ഒരു നടപടി പോലും ഉണ്ടായില്ല എന്നും എംഎല്‍എ പറഞ്ഞു.