Kerala

നഴ്‌സസ് ദിനത്തിലും സമരം; ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സസിന്റെ അനശ്ചിതകാല സമരം ഒരാഴ്ച പിന്നിട്ടു

Spread the love

ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സസിന്റെ അനശ്ചിതകാല സമരം ഒരാഴ്ച പിന്നിടുന്നു. മന്ത്രിയെ കണ്ടെങ്കിലും ഉത്തരവിറങ്ങാതെ സമരം പിൻവലിക്കില്ലെന്ന് നഴ്സസ് അറിയിച്ചു. സർക്കാർ മേഖലയിലെ നഴ്സുമാരുടെ സ്ഥാനക്കയറ്റം മരവിപ്പിച്ച വിവാദ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം.

പബ്ലിക് ഹെൽത്ത് നഴ്‌സുമാരുടെ പ്രവർത്തനരീതി സംബന്ധിച്ച് വ്യക്തമായ മാർഗരേഖയുണ്ടാകണമെന്ന പ്രത്യേക ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നും നഴ്‌സുമാർ ആവശ്യപ്പെടുന്നു. പാൻഡെമിക് പോലുള്ള സാഹചര്യം ഉണ്ടാകുമ്പോഴെല്ലാം ഈ രംഗത്ത് പ്രവർത്തിക്കുന്നവരാണ് പബ്ലിക് ഹെൽത്ത് നഴ്‌സുമാർ.

അർപ്പണബോധത്തോടെയുള്ള സേവനം ചെയ്യുന്നതിനിടയിൽ സ്വന്തം ജീവൻ പണയപ്പെടുത്തുകയാണ് ഇവർ. എന്നാൽ, സർക്കാർ മേഖലയിൽ അവർക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല.

ജോലിയെ ബാധിക്കാതെയാണ് പബ്ലിക് ഹെൽത്ത് നഴ്‌സുമാർ അനിശ്ചിതകാല സമരം നടത്തുന്നതെന്നും അതിനാൽ സമരം ഒത്തുതീർപ്പാക്കാൻ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാർ ചർച്ചകൾ ആരംഭിച്ചില്ലെങ്കിൽ ആരോഗ്യവകുപ്പിന്റെ ഫീൽഡ് പ്രവർത്തനങ്ങളെ ബാധിക്കുന്ന എല്ലാ ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാൻ നിർബന്ധിതരാകുമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.