Kerala

‘ദേശീയ ഘടകവുമായി വേര്‍പിരിയണം’, കടുത്ത പ്രതിസന്ധിയില്‍ ജെഡിഎസ് കേരള ഘടകം, നിര്‍ണായക നേതൃയോഗം 26ന്

Spread the love

തിരുവനന്തപുരം: കടുത്ത പ്രതിസന്ധിക്കിടെ ജെഡിഎസ് സംസ്ഥാന നേതൃ യോഗം വ്യാഴാഴ്ച ചേരും. എന്‍ഡിഎയിൽ ചേർന്ന ദേശീയ ഘടകവുമായുള്ള ബന്ധം മുറിക്കണം എന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. ദേവ ഗൗഡയെ തള്ളി പറഞ്ഞു കേരളത്തിൽ എല്‍ഡിഎഫിന്‍റെ ഭാഗമായി തുടരാൻ ആയിരുന്നു മാത്യു ടി തോമസിന്‍റെയും കെ കൃഷ്ണൻ കുട്ടിയുടെയും നീക്കം. എന്നാൽ പാർട്ടി വിടണം എന്നാണ് സികെ നാണു വിഭാഗത്തിന്‍റെ ആവശ്യം. പാർട്ടി വിട്ടാൽ എംഎല്‍എമാർക്ക് വരാവുന്ന അയോഗ്യത ഭീഷണി മറി കടക്കൽ ആണ് പ്രധാന പ്രതിസന്ധി. ജെഡിഎസ് ദേശീയ നേതാക്കൾ സിപിഎമ്മിനെ കൂടി സമ്മർദ്ദത്തിൽ ആക്കിയതോടെ ആണ് തിരക്കിട്ട ചർച്ചകൾ നടക്കുന്നത്.

പുതിയ പാര്‍ട്ടിയുണ്ടാക്കിയാലോ മറ്റു പാര്‍ട്ടികളില്‍ ലയിച്ചാലോ എംഎല്‍എമാര്‍ക്ക് അയോഗ്യത നടപടി നേരിടേണ്ട സാഹചര്യമുണ്ടാകും. ഇതാണ് ജെഡിഎസ് സംസ്ഥാന ഘടകത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സിപിഎമ്മും വിഷയത്തില്‍ കടുത്ത സമ്മര്‍ദത്തിലായിരിക്കുകയാണ്. സികെ നാണു വിഭാഗം എത്രയും വേഗം പുതിയ പാര്‍ട്ടി ഉണ്ടാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. ജെഡിഎസ് സംസ്ഥാന ഘടകത്തിന്‍റെ ഭാവി എന്ത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യാഴാഴ്ച തീരുമാനമുണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്.

ജെഡിഎസ്-ബിജെപി സഖ്യ വിവാദം കേരളത്തിൽ ചർച്ചയായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ജെഡിഎസ് നേതാവും എച്ച് ഡി ദേവഗൌഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമി രംഗത്തെത്തിയിരുന്നു. കേരള ഘടകത്തെ എൽഡിഎഫിൽ തുടരാൻ അനുവദിച്ചത് പിണറായി വിജയന്റെ മഹാമനസ്കതയാണെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. കർണാടക ഘടകം എൻഡിഎയുടെ ഒപ്പം പോകാൻ തീരുമാനിച്ചിട്ടും കേരള ഘടകത്തെ എൽഡിഎഫിൽ നിലനിർത്തിയതിൽ പിണറായിയോട് നന്ദിയറിയിച്ച കുമാരസ്വാമി, പിണറായി വിജയൻ ജെഡിഎസ്-ബിജെപി സഖ്യത്തിന് അനുമതി നൽകിയെന്ന് ദേവഗൗഡ പറഞ്ഞിട്ടില്ലെന്ന് ആവർത്തിച്ചു.